പൊൻകുന്നം: മീൻ കറിയെച്ചൊല്ലി ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശികളായ നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ എസ്. സഞ്ജു (23), നെടുപന ഭാഗത്ത് മനുഭവൻ മഹേഷ് ലാൽ (24), നെടുപന ഭാഗത്ത് ശ്രീരാഗം അഭിഷേക് (23), നല്ലിള ഭാഗത്ത് മാവിള അഭയ് രാജ് (23), നല്ലിള ഭാഗത്ത് അതുൽമന്ദിരം അമൽ ജെ. കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധു കുമാർ എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി കേസുള്ളത്.
തർക്കം, മർദനം
മധുകുമാർ സപ്ലയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ ഇന്നലെ ഉച്ചയോടുകൂടി ഭക്ഷണം കഴിച്ചു. തുടർന്നു പുറത്തിറങ്ങിയ സംഘം വീണ്ടും ഹോട്ടലിലേക്കു കയറി ഊണിനു കറിയായി നൽകിയ മീനിന്റെ വലിപ്പം കുറവാണെന്നും കറിയിലെ ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞു മധു കുമാറുമായി തർക്കം തുടങ്ങി.
വൈകാതെ ചീത്ത വിളിക്കുകയും മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ എൻ. രാജേഷ്, എസ്ഐമാരായ കെ.ആർ. റെജിലാൽ, പി.എസ്. അംസു, സിപിഒ വിനീത് ആർ. നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.