പന്തളം: ഭക്ഷണം മലിനം എന്ന പരാതി സൃഷ്ടിച്ച് പുതിയതായി തുടങ്ങിയ ഹോട്ടല്‍ പൂട്ടിക്കാന്‍ ശ്രമം നടത്തിയ വിരുതന്മാര് ഹോട്ടലിലെ കാമറയില്‍ കുടുങ്ങി. ഒരേ സംഘത്തില്‍ പെട്ടവര്‍ രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് കള്ളക്കളി പൊളിഞ്ഞത്. പന്തളത്തിനു സമീപം കുരമ്പാലയില്‍ അടുത്തയിടെ പ്രവര്‍ത്തനം തുടങ്ങിയ ഫുഡ് ഇന്‍ ഫുഡ് റസ്റ്ററന്റില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. ആദ്യ തവണ ഹോട്ടലിലെത്തിയ സംഘത്തിലൊരാള്‍ ബിരിയാണി ആവശ്യപ്പെടുകയും എത്തിച്ച ഉടന്‍ തന്നെ ഇയാള്‍ ബിരിയാണിയില്‍ ചത്ത പാറ്റ ഉണ്ടെന്ന് പരാതിപ്പെടുകയുമായിരുന്നത്രെ.
നവീനമായ രീതിയില്‍ നിര്‍മിച്ച ഹോട്ടലില്‍ പാറ്റയുടെ ശല്യമില്ലെന്നിരിക്കെ പരാതി വ്യാജമെന്ന ുറപ്പുണ്ടായിട്ടും പരാതിക്കാരനെ സമവായത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിട്ടു. രണ്ടാം തവണയെ ത്തിയ ആള് ഭക്ഷണത്തില്‍ രോമമുണ്ടെന്നാണ് പരാതിപ്പെട്ടത്. തുടരെ പരാതി ആവര്‍ത്തിച്ചതോടെയാണ് ഹോട്ടലുടമകള്‍ കാമറയെ ആശ്രയിച്ചത്. ആദ്യതവണയെത്തിയയാള് ഷര്‍ട്ടിന്റെ ഇടത് പോക്കറ്റില്‍ നിന്ന് പാറ്റയെയും രണ്ടാമന് കണ്പുരികത്തില് നിന്ന് രോമം കൊഴിച്ചും ഭക്ഷണത്തിലിടുന്നതും കാമറയില്‍ വ്യക്തമായി തെളിഞ്ഞു.
ഹോട്ടലുടമകള്‍ പോലീസില്‍ പരാതിയും നല്കി. ഇതോടെ വിരുതന്മാര് കുറ്റം സമ്മതിക്കുകയും പിന്നീട് മാപ്പ് പറഞ്ഞ് രക്ഷപെടുകയുമായിരുന്നു. ഭരണപക്ഷത്തുള്ള ഒരു പ്രധാന പാര്‍ട്ടിയുടെ കുരമ്പാലയിലെ പ്രവര്‍ത്തകരാണ് സംഘാംഗങ്ങളെന്ന് പറയുന്നു. ഹോട്ടല്‍ നിര്‍മാണവേളയില്‍ പാര്‍ട്ടിയുടെ യുവജന സംഘടനാ ഭാരവാഹികള്‍ നിര്‍ബന്ധിത പിരിവിന് ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതിരുന്നത് പ്രകോപനത്തിനു കാരണമാവാമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.