ന്യൂയോർക്കിലുള്ള ഗ്രാൻഡ് സെൻട്രൽ ഓയിസ്റ്റർ ബാറിലിരുന്ന് ഓയിസ്റ്റർ പാൻ റോസ്റ്റ് കഴിക്കുകയായിരുന്നു റിക്ക് ആന്റോഴ്സ് എന്ന ന്യൂ ജേഴ്സിക്കാരൻ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കടൽ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ എന്തോ കട്ടിയുള്ള വസ്തുവിൽ കയറി കടിച്ചു.
തന്റെ പല്ലുവല്ലതും പറിഞ്ഞുപോയതാണോ എന്ന പേടിയിൽ റിക്ക് വായിൽനിന്ന് ആ വസ്തു പുറത്തെടുത്തു. തന്റെ വായിൽ നിന്ന് പുറത്തുവന്ന ആ വസ്തു കണ്ട് റിക് ശരിക്കും ഞെട്ടി. അത് നല്ല മുഴുത്ത ഒരു മുത്തായിരുന്നു. അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന ചിപ്പിക്കുള്ളിൽ ഉണ്ടായിരുന്നതായിരുന്നു ആ മുത്ത്. പാചകം ചെയ്യുന്നതിനിടയിൽ ഹോട്ടൽ ജീവനക്കാർ ഇതു ശ്രദ്ധിച്ചിരുന്നില്ല.
റിക് ഈ മുത്തുമെടുത്ത് നേരെ ഒരു ആഭരണക്കടയിലേക്ക് ചെന്നു. മൂന്നു ലക്ഷം രൂപയ്ക്കടുത്താണ് ജ്വല്ലറി ജീവനക്കാർ ഈ മുത്തിന് വിലയിട്ടത്. ആയിരം രൂപയ്ക്ക് താഴെയായിരുന്നു റിക് കഴിച്ച ഭക്ഷണത്തിന്റെ വില. റിക് ഭക്ഷണം കഴിച്ച ഹോട്ടലിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പാകംചെയ്ത ചിപ്പിക്കുള്ളിൽനിന്ന് മുത്ത് കിട്ടുന്നത്.