സിജോ പൈനാടത്ത്
കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധനവുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില മേലോട്ട്. ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നതിന്റെ ആഘാതത്തിനൊപ്പമാണു ഹോട്ടല്‍ ഭക്ഷണത്തിനും ഇനി അധിക വില നല്‍കേണ്ടിവരിക.
ഹോട്ടല്‍ഭക്ഷണത്തിനു വില കൂട്ടുന്നതു ജനങ്ങളെന്ന പോലെ ഹോട്ടലുടമകളും ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും, പിടിച്ചു നില്ക്കാന് ഹോട്ടലുകള്‍ക്കു മറ്റു മാര്‍ഗമില്ലെന്നു അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ തുറന്ന സാധാരണ ഹോട്ടലുകളില്‍ അമ്പതു മുതല്‍ 120 രൂപ വരെയാണു നിലവില്‍ ഊണിന് ഈടാക്കുന്നത്. ചായയ്ക്ക് 10-15 രൂപയാണ് ഈടാക്കുന്നത്.
ഈ വിലയില്‍ ഇനിയും വര്‍ധനവുണ്ടാവുന്നതോടെ സാധാരണക്കാരാകും കൂടുതല്‍ ദുരിതത്തിലാവുക. തുടര്‍ച്ചയായ ഇന്ധന വിലവര്ധനവിനെത്തുടര്ന്നു വിപണിയില്‍ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ക്കു വില ഉയര്‍ന്നിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് സംസ്ഥാനത്ത് ഇന്നലെ മാത്രം കൂടിയത് 266 രൂപയാണ്. കൊച്ചിയില്‍ സിലിണ്ടറിന് വില 1994 ലെത്തി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ രണ്ടായിരത്തിനു മുകളിലാണു വില.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിലിണ്ടറിന് 833 രൂപയാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 1734 രൂപയായിരുന്ന വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് ഇന്നലെ വില രണ്ടായിരം പിന്നിട്ടു.
ഇന്ധന വിലവര്‍ധനവിനൊപ്പം പാചകവാതകത്തിനു വലിയ തോതില്‍ വില ഉയര്‍ന്നതോടെ ഭക്ഷണത്തിനു വില വര്‍ധിപ്പിക്കേണ്ടിവരുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പ്രഖ്യാപിച്ചുകഴിഞ്ഞു.
പാചകവാതകത്തിന്റെ വില ഉയര്‍ന്നതിലൂടെ പ്രതിദിനം 3000 രൂപയുടെ അധികബാധ്യതയാണു തങ്ങള്ക്കുണ്ടാവുന്നതെന്നു ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
2020 ഒക്ടോബറില്‍ 1161.71 ആയിരുന്നു കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഡിസംബറായപ്പോള്‍ അത് 1319 ലെത്തി. കഴിഞ്ഞ ഏപ്രിലില്‍ 1648, സെപ്റ്റംബറില്‍ 1692 ഉം ആയിരുന്നു വില.
1728 രൂപയായിരുന്നു കഴിഞ്ഞ മാസം സിലിണ്ടര്‍ വില. ഇതാണു കേരളപ്പിറവി ദിനത്തില്‍ 1994 ലേക്ക് കുതിച്ചുയര്‍ന്നത്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 906.50 രൂപയാണു കൊച്ചിയിലെ വില. കഴിഞ്ഞ ജനുവരിയിലെ 701 രൂപയില്‍ നിന്നാണ് 200 രൂപയിലധികം ഇപ്പോള്‍ വര്‍ധിച്ചിട്ടുള്ളത്.