മഞ്ചേരി: ജില്ലയിലെ വിവിധ നഗരങ്ങളിൽ ഭക്ഷണപദാർഥങ്ങൾക്ക് തോന്നിയപോലെ വില ഈടാക്കുന്നതായി ആക്ഷേപം. യാതൊരു മാനദണ്ഡവും കൂടാതെയാണ് ഭക്ഷണശാലകളിൽ വില ഈടാക്കുന്നത്. അമിതവില ഈടാക്കുന്ന ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പ്രഖ്യാപിച്ചിരുന്നുവെങ്കിലുംു ഫയലിൽ ഒതുങ്ങി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ വില പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും ജില്ലയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും വിലവിവര ബോർഡുകൾ ഇപ്പോഴും പ്രദർശിപ്പിക്കുന്നില്ല.
വില വിവരപ്പട്ടിക എല്ലാ ഭക്ഷണശാലകളിലും പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അമിത്മീണ പ്രത്യേക ഉത്തരവിട്ടിരുന്നുവെങ്കിലും ഇതിനു ഹോട്ടലുടമകൾ പുല്ലുവില പോലും കൽപ്പിച്ചില്ല. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾ പരിശോധിക്കാനും നടപടി സ്വീകരിക്കാനും കളക്ടർ അധ്യക്ഷനായ ജില്ലാ സമിതി രൂപവത്ക്കരിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും വിലവിവരപട്ടികയുടെ പ്രദർശനം കർശനമായി നടപ്പാക്കുമെന്നു ഉറപ്പാക്കുന്നതിനായാണ് സമിതിയുണ്ടാക്കിയത്.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കണ്വീനറും ലീഗൽ മെട്രോളജി, പോലീസ്, ആരോഗ്യം, സെയിൽ ടാക്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളുമായ സമിതിയുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധന നടത്തി നിയമം ലംഘിക്കുന്നവർക്കെതിരേ അവശ്യസാധന നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് നടപടി സ്വീകരിക്കാം. എന്നാൽ പരിശോധനാ നടപടികൾ കാര്യക്ഷമമല്ലാത്തതിനാൽ എല്ലാം പഴയപടി തുടരുകയാണ്.
പലപ്പോഴും ഉപഭോക്താവിനെ നോക്കിയാണ് ഭക്ഷണത്തിന് വില തീരുമാനിക്കുന്നതെന്നും ആക്ഷേപമുണ്ട്. പച്ചക്കറി, മത്സ്യം, കോഴി, ബീഫ് എന്നിവയുടെ വില കൂടുന്പോൾ വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങളുടെ നിരക്ക് മാർക്കറ്റിൽ വില കുറഞ്ഞാലും ഹോട്ടൽ ഉടമകൾ കുറക്കാൻ തയാറാകുന്നില്ല.
ഉൗണിന്റെ വില പല ഹോട്ടലുകളിലും തോന്നിയത് പോലെയാണ്. 35 രൂപ മുതൽ 140 രൂപ ഉൗണിനു വാങ്ങുന്ന ഹോട്ടലുകളുണ്ട്. വില നിയന്ത്രണവും ഏകീകരണവും ജലരേഖയായതോടെ സാധാരണക്കാരന്റെ കീശ കാലിയാവുകയാണ്. വെജിറ്റേറിയൻ ഹോട്ടലുകളിലും സ്ഥിതി വിഭിന്നമല്ല.
അളവിലും ഗുണനിലവാരത്തിലും വ്യത്യാസമില്ലെങ്കിലും വിലനിലവാരത്തിൽ വലിയ രീതിയിലുള്ള മാറ്റമാണ് നേരിടേണ്ടി വരുന്നത്. പലഹാരങ്ങളുടെ വിലയിലും ചായയുടെ കാര്യത്തിലും വിലകയറ്റം പ്രകടമാണ്. ഡിജിറ്റൽ ബില്ലിങ്ങ് രീതികൾ അവലംബിക്കുന്ന ഹോട്ടലുകളിൽ പാൽ ഉപയോഗിക്കാത്ത ചായക്ക് പത്ത് രൂപ വരെ വാങ്ങുന്നവരുണ്ട്. ഉപഭോക്താക്കൾ പരാതി പറയുന്പോൾ രണ്ടു രൂപ തിരിച്ചു നൽകി പ്രശ്നം പരിഹരിക്കുന്നവരുമുണ്ട്. അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച് ഹോട്ടലുകൾ സ്വന്തം നിലയ്ക്ക് വില കൂട്ടുകയാണ്.
ഭക്ഷണപദാർഥങ്ങളുടെ വിലവിവരം ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റക്കും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേർന്നും മുനിസിപ്പൽ ആരോഗ്യ വകുപ്പും പരിശോധന നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല.