തട്ടിപ്പുകള്‍ നടത്തുന്ന കാര്യത്തിലും തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന കാര്യത്തിലും മലയാളികളെ വെല്ലാന്‍ വേറൊരു കൂട്ടരില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന് ഉദാഹരണമാവുന്ന സംഭവമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്ന് പുറത്തു വരുന്നത്. നാട്ടിന്‍ പുറത്തെ ഹോട്ടലുടമകളെ കബളിപ്പിച്ച് പണം തട്ടുന്നതാണ് ഏറ്റവും പുതിയത്.
കുടുക്കിമൊട്ടയിലും പരിസരത്തുമുള്ള ഹോട്ടലുടമകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കബളിപ്പിക്കപ്പെട്ടത്. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണു ഹോട്ടലുകളില്‍ നിന്നു പണം വാങ്ങി മുങ്ങിയത്. തട്ടിപ്പിന്റെ വഴിയെക്കുറിച്ചു ഹോട്ടലുടമകള്‍ പറയുന്നത് ഇങ്ങനെ… രാവിലെ ഹോട്ടലിലെത്തി ചായ ആവശ്യപ്പെടും. ചായ കുടിക്കുന്നതിനിടെ ചൂടു കുറവാണെന്നോ മറ്റോ പറഞ്ഞു ഹോട്ടലുടമയുടെ ശ്രദ്ധനേടും.
തൊട്ടടുത്താണു പണിയെന്നും ഉച്ചയ്ക്ക് 5 ഊണും 5 പൊരിച്ച മത്തിയും പാര്‍സല്‍ വേണമെന്നും പറഞ്ഞു വിശ്വാസം ഉറപ്പിക്കും. ചായയുടെ പൈസ കൊടുത്തു പുറത്തിറങ്ങുന്നതിനിടെ ഇരുന്നൂറോ മുന്നൂറോ രൂപ ആവശ്യപ്പെടും. ഉച്ചയ്ക്കു പാര്‍സല്‍ വാങ്ങാന്‍ എത്തുമ്പോള്‍ തിരിച്ചുതരുമല്ലോ എന്ന ധാരണയില്‍ ഹോട്ടലുടമകള്‍ പണം നല്‍കും. പിന്നെ അയാളെ ആ വഴി കാണില്ല.
കുടുക്കിമൊട്ടയിലെ പ്രവാസി ഹോട്ടലില്‍ നിന്നു കഴിഞ്ഞ ദിവസം 300 രൂപയും കേരള ഹോട്ടലില്‍ നിന്ന് 200 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. നമിത ഹോട്ടലില്‍ ചെന്നിരുന്നെങ്കിലും ചില്ലറയില്ലാത്തതിനാല്‍ തട്ടിപ്പു നടന്നില്ല. പലയിടത്തായി തട്ടിപ്പു നടന്ന സാഹചര്യത്തില്‍ പ്രദേശത്തെ ഹോട്ടലുടമകളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പോലീസ്.