ന്യൂഡൽഹി: ഹോട്ടലിലെ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതു വീണ്ടും കൊള്ളയ്ക്കു വഴിതുറന്ന്. ഇപ്പോൾ 18 ശതമാനമുള്ള ജിഎസ്ടി 12 ശതമാനമാക്കാനാണ് ഇതു സംബന്ധിച്ച മന്ത്രിമാരുടെ ഉപസമിതി ശിപാർശ. അപ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അനുവദിക്കില്ല.
ജിഎസ്ടി നടപ്പായപ്പോൾ ഹോട്ടലുകളിലെ ഭക്ഷണ നികുതി ഇപ്രകാരമാണ്. 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകൾക്കു കോന്പോസിഷൻ നികുതി വിറ്റുവരവിന്റെ അഞ്ചു ശതമാനം. ഇവർ നികുതി പിരിക്കാൻ പാടില്ല.എയർ കണ്ടീഷൻ ചെയ്യാത്ത ഹോട്ടലുകൾക്കു 12 ശതമാനം. എയർ കണ്ടീഷൻഡ് ഹോട്ടലുകൾക്കു 18 ശതമാനം. ഇരുകൂട്ടർക്കും ഐടിസി ഉണ്ട്.
ഐടിസി ഉള്ളപ്പോൾ ഭക്ഷണത്തിന്റെ നികുതിബാധ്യത ഹോട്ടൽ സാധനങ്ങളും യന്ത്രങ്ങളും വാങ്ങുന്പോൾ നല്കുന്ന ജിഎസ്ടിയുമായി തട്ടിക്കിഴിക്കാമായിരുന്നു. അതായത്, പിരിക്കുന്ന നികുതിയിൽ നല്ല പങ്ക് ഹോട്ടലുടമകൾക്ക് സർക്കാരിൽ അടയ്ക്കാതെ കഴിയാമായിരുന്നു.
ജിഎസ്ടി നടപ്പായപ്പോൾ സർക്കാരും ഹോട്ടലുടമകളുംകൂടി ജനത്തെ കബളിപ്പിച്ച അവസ്ഥയുണ്ടായി. കോന്പോസിഷൻ സ്കീമിൽ വരുന്ന ഹോട്ടലുകൾ വില കൂട്ടി. മറ്റു ഹോട്ടലുകൾ നികുതിബാധ്യത മുഴുവൻ ഉപയോക്താവിന്റെ മേൽ ചുമത്തി.
ഗവൺമെന്റും കബളിപ്പിക്കലിനു കൂട്ടുനിന്നു. ഏതെങ്കിലും ഭാഗത്ത് എസി ഉള്ള ഹോട്ടലിലെ മുഴുവൻ ഭാഗത്തും 18 ശതമാനം നികുതി വേണമെന്നു ശഠിച്ചു. പാഴ്സലിനുപോലും ഇതു വാങ്ങി.
ആക്ഷേപങ്ങൾ ഉയർന്നപ്പോൾ നികുതി കുറയ്ക്കാൻ തീരുമാനിക്കാൻ ആസാം ധനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയെ ജിഎസ്ടി കൗൺസിൽ നിയോഗിച്ചു. ആ കമ്മിറ്റിയാണ് എല്ലാവർക്കും 12 ശതമാനം നികുതി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വേണ്ട എന്നു നിർദേശിച്ചത്. ഇത് നവംബർ ഒന്പതിനു ചേരുന്ന ജിഎസ്ടി കൗൺസിലിൽ അംഗീകരിക്കുമെന്നാണു പ്രതീക്ഷ.അതു കഴിയുന്പോൾ നികുതി ഘടന ഇപ്രകാരമാകും.
വർഷം ഒരു കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള ഹോട്ടലുകളിൽ ജിഎസ്ടി അഞ്ചു ശതമാനമാണ്. ഇത് ഉപയോക്താവിൽനിന്ന് ഈടാക്കാനാവില്ല.
എസിയും അല്ലാത്തതുമായ ഹോട്ടലുകളിൽ 12 ശതമാനം. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ല. ഫൈവ് സ്റ്റാറും അതിൽ കൂടിയതുമായ ഹോട്ടലുകളിൽ 18 ശതമാനം ജിഎസ്ടി തുടരും. ഐടിസി ലഭിക്കും.
ഐടിസി ഇല്ലാതാകുന്പോൾ ഹോട്ടലുകാർ ഭക്ഷണവില കൂട്ടുമെന്ന് ഭീഷണി ഉയർത്തിക്കഴിഞ്ഞു. എന്നാൽ, ഐടിസി ഉണ്ടായിരുന്നപ്പോൾ അതിന്റെ ആനുകൂല്യം ഉപയോക്താവിനു നല്‍കാത്തതിനെപ്പറ്റി ഹോട്ടലുകാർ ഒന്നും പറയുന്നില്ല.