കൊച്ചി: റിസോർട്ട് അടച്ചു പൂട്ടാനുള്ള ഹൈക്കോടതി നിർദേശം മറികടന്ന് പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് പുതിയ അതിഥികളെ സ്വീകരിക്കുന്നു. റവന്യുവകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്നാണ് റിസോർട്ടിന്റെ നീക്കം. 24 മണിക്കൂറിനുള്ളിൽ റിസോർട്ട് അടച്ചുപൂട്ടണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.
റിസോർട്ട് അടച്ചു പൂട്ടാനുള്ള നോട്ടീസ് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്നാൽ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നിലപാടു തേടി.
കനത്ത മഴയെത്തുടർന്നു പാറക്കല്ലുകൾ ഇളകി വീണു റിസോർട്ട് പരിസരത്ത് വാഹനങ്ങൾ തകർന്ന സംഭവത്തെത്തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടർ നോട്ടീസ് നൽകിയത്. ഇതിനെതിരേ റിസോർട്ട് അധികൃതർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകിയതു ഹൈക്കോടതി ശരിവച്ചു.
വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ റിസോർട്ടിലുണ്ടെന്നും ഇവരെ മാറ്റുന്നതിനുൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിട്ടുള്ളത്.