സ്വന്തംലേഖകന്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹോട്ടലുകളില്‍ ഇരുന്നുണ്ണുന്നവര്ക്കെതിരേ വടിയെടുത്ത് പോലീസ് !മാനദണ്ഡങ്ങള്‍ പാലിക്കാതെ പലയിടത്തും ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്.
ഇരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോ എടുക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്നാണ് ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദേശം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പോലീസിനെ ഉപയോഗിച്ചുകൊണ്ട് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്ത് പിഴ ഈടാക്കാനാണ് നിര്‍ദേശം.
ടെസ്റ്റ് പോസിറ്റിവിറ്റി 22.13 ശതമാനമായി ഉയര്‍ന്ന കോഴിക്കോട് ജില്ലയില്‍ , സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇന്നലെ രാത്രി തന്നെ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എത്ര ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നതും എത്ര പേര് മാനദണ്ഡം ലംഘിച്ചുവെന്നതുമുള്പ്പെടെ കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഹോട്ടലുകളും റസ്റ്ററന്റുകളും വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആയിരക്കണക്കിന് റസ്റ്ററന്റുകള്‍ നഷ്ടം താങ്ങാന്‍ കഴിയാതെ അടച്ചുപൂട്ടിയിട്ടുണ്ട്. അതിനിടെയാണ് വീണ്ടും കര്‍ശന പരിശോധനയുമായി പോലീസ് രംഗത്തിറങ്ങുന്നത്.