മുക്കം: അവശ്യസാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കുതിച്ചുയരുന്നു.
കഴിഞ്ഞ രണ്ട് മാസമായുള്ള അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാർക്കും ഹോട്ടൽ മേഖലയിലുൾപ്പെടെയുള്ളവർക്കും വലിയ തിരിച്ചടിയായി.
പല സാധനങ്ങൾക്കും ഇരട്ടിയിലധികമാണ് വില വർധിച്ചത്. ദിനംപ്രതിയുള്ള ഇന്ധന വില വർധനവാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സൺ ഫ്ലവർ ഓയിലിനാണ് ഏറ്റവുമധികം വില വർധിച്ചത്. രണ്ട് മാസം മുൻപ് വരെ 90 രൂപയ്ക്ക് ലഭിച്ചിരുന്ന സൺ ഫ്ലവർ ഓയിലിന് 170 രൂപയാണ് ഇന്നത്തെ വില. വെജിറ്റബിൾ ഓയിലിന് 80 രൂപ ഉണ്ടായിരുന്നത് 135 രൂപയിലെത്തി.
20 രൂപ മുതൽ 22 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന പച്ചരിക്ക് വില 30 രൂപയിലെത്തി. റംസാൻ വ്രതമടക്കം അടുത്ത സാഹചര്യത്തിൽ ഇത് ആളുകൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
70 മുതൽ 75 രൂപയ്ക്കുവരെ ലഭിച്ചിരുന്ന മല്ലിക്ക് 100 രൂപയും 90 രൂപയ്ക്ക് ലഭിച്ചിരുന്ന മുളകിന് 150 രൂപയുമായി വർധിച്ചു. 120 മുതൽ 130 രൂപയ്ക്കുവരെ ലഭിച്ചിരുന്ന കാശ്മീരി മുളകിന് വില 300 കടന്ന അവസ്ഥയാണ്.
പട്ടാണിക്കടലയ്ക്ക് 40 രൂപയുണ്ടായിരുന്നത് നൂറ് രൂപ വർധിച്ച് 140 രൂപയായി. വെളിച്ചണ്ണ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 160 രൂപയ്ക്ക് ലഭിച്ചിരുന്ന വെളിച്ചണ്ണയ്ക്ക് 240 രൂപയും കടന്നിരിക്കുകയാണിപ്പോൾ.
ചായപ്പൊടി 180 രൂപയിൽ നിന്ന് 250 രൂപയായും ബിരിയാണി അരിയായ കൈമ അരിക്ക് 90 രൂപയിൽ നിന്ന് 110 രൂപയായും വർധിച്ചിട്ടുണ്ട്.
ദിനംപ്രതിയുണ്ടാവുന്ന ഇന്ധന വില വർധന മൂലം ദുരിതത്തിലായിരിക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായാണ് അവശ്യസാധന വിലയും കുതിക്കുന്നത്.
വില വർധന ഏറ്റവും കൂടുതൽ ബാധിച്ചത് ഹോട്ടൽ മേഖലയിലുള്ളവരെയാണ്. ഗ്രാമപ്രദേശങ്ങളിൽ ചായയ്ക്കും എണ്ണക്കടികൾക്കും ഇപ്പോൾ തന്നെ 15 രൂപയാണ് വില.
ഈ വിലയ്ക്ക് കച്ചവടം നടത്തിയാലും ലാഭം പോയിട്ട് മുടക്കുമുതൽ പോലും ലഭിക്കുകയില്ലന്ന് വ്യാപാരികൾ പറയുന്നു.
അത് കൊണ്ട് തന്നെ ഗ്രാമ പ്രദേശങ്ങളിലും ചായക്കും എണ്ണക്കടികൾക്കും വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നും ഇവർ പറയുന്നു.