മൂവാറ്റുപുഴ: ഭക്ഷണത്തിൽ എലിക്കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയിലെ ഹോട്ടൽ നഗരസഭ അടപ്പിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി ആശുപത്രിക്കു സമീപത്തുള്ള മഹാറാണി ഹോട്ടലിൽനിന്നു വാങ്ങിയ പൊതിച്ചോറിലാണ് എലിക്കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തിയത്.
പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള ഹോട്ടലിൽ നിന്നു വാങ്ങി നൽകിയ ഭക്ഷണത്തിന് രുചിവ്യത്യാസം അനുഭവപ്പെട്ടെങ്കിലും അതു കാര്യമാക്കാതെ കഴിക്കുന്നതിനിടെയാണ് അവശിഷ്ടം ലഭിച്ചത്. സംഭവത്തെ തുടർന്ന് അധികൃതർ ഹോട്ടലിൽ നിന്നു സാന്പിൾ ശേഖരിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളുടെ കുറവാണ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നു മാലിന്യം ലഭിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.