സ്വന്തം കൂട്ടുകാര്‍ക്കു വേണ്ടി ചങ്കു പറിച്ചു നല്‍കാന്‍ തയ്യാറായ ധാരാളം യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലൊരു കഥയാണ് ഈ തട്ടുകടയ്ക്കും പറയാനുള്ളത്. കൂട്ടുകാരന്റെ സഹോദരിയുടെ ഓപ്പറേഷന് പണം കണ്ടെത്താന്‍ ഒരു കൂട്ടം ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ തട്ടുകട ആരംഭ്ിച്ചത്. ചേര്‍ത്തലയിലെ തുറവൂരിലാണ് ഈ തട്ടുകടയുള്ളത്. 15 ദിവസം കൊണ്ട് പരമാവധി സഹായധനം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ ആര്‍.ജെ നീന ഇതേക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ആര്‍.ജെ നീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ഹോട്ടല്‍ മാനേജ്മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാര്‍. തട്ടുകടയില്‍ ഫൈവ് സ്റ്റാര്‍ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊക്കെ സ്‌റ്റൈലില്‍ പണിയെടുക്കേണ്ട ഈ യുവാക്കള്‍ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താന്‍ കാരണം കടയുടെ മുന്നില്‍ ഒട്ടിച്ചിരിക്കുന്ന ഈ ഫോട്ടോയാണ്. കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിയുടെ രണ്ടു കിഡ്നിയും തകരാറിലാണ്. കയ്യിലുള്ള കഴിവുകൊണ്ട് കഴിയുന്ന പോലെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച കൂട്ടുകാര്‍..
തുറവൂരില്‍ റോഡ് സൈഡില്‍ ഡിസംബര്‍ 18 വരെ വൈകിട്ട് 6 മണിമുതല്‍ രാത്രി 12 മണിവരെ രുചിവിളമ്പി ജീവന്‍ തിരിച്ചു പിടിക്കാനിറങ്ങിയ ഒരുപറ്റം യുവാക്കള്‍. കേട്ടറിഞ്ഞു സഹായിക്കാനായി അവിടെവരെ ചെന്ന് ഭക്ഷണം കഴിക്കുന്ന നല്ല മനസ്സുള്ളവര്‍! ചുറ്റും ഇത്തരം നന്മനിറഞ്ഞവരുള്ളപ്പോള്‍ ലോകം എത്ര സുന്ദരമാണ്…