പത്തനംതിട്ട: ജില്ലയിലെ 2074 ഹോട്ടലുകളിൽ 285 എണ്ണത്തിൽ മാത്രമാണ് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളുള്ളതെന്ന് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പറഞ്ഞു. ശുചിത്വമിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൽ ആസൂത്രണം ചെയ്യുന്നതിലേക്ക് സ്റ്റാറ്റിക്സ് വകുപ്പാണ് പഠനം നടത്തിയത്.
ജില്ലയിൽ ലൈസൻസുള്ള ഹോട്ടലുകളിൽ 14 ശതമാനത്തിന് മാത്രമാണ് മാലിന്യസംസ്കരണം സംവിധാനമെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലൈസൻസ് നൽകുന്പോൾ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപനത്തിനുണ്ട്.
ഇതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നതിനു തെളിവാണ് ഇത്തരത്തിലുള്ള അനാസ്ഥയെന്നും അഭിപ്രായമുണ്ടായതി.578 തട്ടുകടകൾ ജില്ലയിൽ പ്രവർത്തിക്കുന്നതായാണ് കണക്ക്. ഇവയിൽ 12ശതമാനത്തിന് മാത്രമാണ് സംസ്കരണം നടത്താൻ കഴിയുന്നത്. കാറ്ററിംഗ് യൂണിറ്റുകളുടെ മാലിന്യസംസ്കരണത്തെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടില്ല.
ജില്ലയിലെ 158 ചന്തകളിൽ സംസ്കരണസൗകര്യമുള്ളത് ഒന്പതിടത്തു മാത്രമാണെന്ന് ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ചൂണ്ടിക്കാട്ടി. ശൗചാലയം ഉള്ളത് 25 ചന്തകളിൽ മാത്രമാണ്.അറവുശാലകളിൽ 348 എണ്ണത്തിൽ 124 എണ്ണത്തിൽ മാത്രമാണ് സംസ്കരണം ഉള്ളത്. 44 ശതമാനം മാത്രം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുനിരത്തുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രശ്നമാകുന്നുണ്ട്. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് വിൽക്കുകയോ സൗജന്യമായി നൽകുകയോ പാടില്ലെന്ന് നിർദേശമുള്ളതാണ്. ഇതു പിടിച്ചെടുക്കാനോ പ്ലാസ്റ്റിക് വില്പന നടത്തുന്നവരിൽ നിന്നു പിഴ ഈടാക്കാനോ ശ്രമമുണ്ടാകുന്നില്ലെന്ന് ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ കെ.ഇ. വിനോദ് കുമാർ ചൂണ്ടിക്കാട്ടി.
നഗരപ്രദേശത്തെ വീടുകളിൽ 54ശതമാനത്തിൽ മാത്രമാണ് ജൈവമാലിന്യം സംസ്കരിക്കുന്നത്. ഗ്രാാമങ്ങളിൽ 61 ശതമാനം ഇടത്തും ജൈലമാലിന്യം സംസ്കരിക്കുന്നു.അജൈവ മാലിന്യം 55 ശതമാനം നഗരങ്ങളിലും സംസ്കരിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ 41 ശതമാനത്തിൽ മാത്രമാണ് സംസ്കരണം നടക്കുന്നത്. ജൈവ,അജൈവ മാലിന്യസംസ്കരണത്തിൽ ഗ്രാമങ്ങളും നഗരങ്ങളും ഇനിയും പകുതിയിലേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലും പുരോഗതി കൈവരിക്കേണ്ടതുണ്ട്.മാലിന്യശേഖരണത്തിനായി ക്ലീൻ കേരള കന്പനി മുഖേന പദ്ധതികളുണ്ട്. 53 പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹകരണത്തിൽ ഹരിതകർമ സേന പ്രവർത്തിക്കുന്നു.
പ്ലാസ്റ്റിക് സംസ്കരണത്തിനായി ഷ്രെഡിംഗ് യൂണിറ്റുകൾ ആരംഭിക്കാനുള്ള നിർദേശം തദ്ദേശസ്ഥാപനങ്ങൾക്കു നൽകി. ഇതിൽ 20 ശതമാനം ടാറിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതാണ്. ഇ വേസ്റ്റ് ഏറ്റെടുക്കാനും സംസ്കരിക്കാനും ക്ലീൻ കേരള കന്പനിക്കു കഴിയുമെങ്കിലും വേണ്ടത്ര അവബോധം ഈ രംഗത്തും ഉണ്ടാകുന്നില്ല.
നദികളും ജലസ്രോതസുകളും ഉയർത്തുന്ന മാലിന്യപ്രശ്നങ്ങൾ ജലജന്യരോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്നും പന്പാ പരിരക്ഷണസമിതി ജനറൽ സെക്രട്ടറി എൻ.കെ. സുകുമാരൻ നായർ പറഞ്ഞു.സംവാദത്തിൽ വർഗീസ് സി.തോമസ് മോഡറേറ്ററായിരുന്നു.