പയ്യന്നൂര്‍: നടുറോഡില്‍ തള്ളിയ ഹോട്ടല്‍ മാലിന്യം ലോഡ്ജ് ഉടമയെ വിളിച്ച് തിരിച്ചെടുപ്പിച്ചു. പയ്യന്നൂര്‍ കേളോത്ത്-കൈരളി റോഡില്‍ തള്ളിയ ഹോട്ടല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച മാലിന്യങ്ങളുമാണ് നഗരസഭ ആരോഗ്യ വിഭാഗം തിരിച്ചെടുപ്പിച്ചത്. ഇന്നു പുലർച്ചെയാണ് റോഡില്‍ മാലിന്യം നിക്ഷേപിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
നടുറോഡില്‍ ഹോട്ടല്‍ മാലിന്യം തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍നിന്നും പയ്യന്നൂരിലെ സിറ്റി റെസിഡന്‍സിയുടെ ബില്ല് കണ്ടെടുത്ത് നഗരസഭാ ചെയര്‍മാനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സ്ഥാപനത്തെക്കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിച്ചത്.
ഈ റോഡില്‍ രാത്രിയില്‍ മാലിന്യ നിക്ഷേപം നടത്തുന്നവരെക്കൊണ്ട് പരിസര വാസികള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.നഗരത്തില്‍ മാലിന്യ നിക്ഷേപത്തിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെയാണ് മാലിന്യ നിക്ഷേപകള്‍ ഇത്തരം ഗ്രാമീണ റോഡുകള്‍ മാലിന്യ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാന്‍ തുടങ്ങിയത്. ഒരാഴ്ചമുമ്പ് പയ്യന്നൂരിലെ മറ്റൊരു റോഡില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നഗരസഭ പിഴയീടാക്കിയിരുന്നു.