പറവൂർ: സംസ്ഥാനത്തെ പാതയോരങ്ങളിൽ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ബോർഡു പിടിച്ചു യാത്രക്കാരെ ആകർഷിക്കാൻ രാവും പകലും വെയിലും മഴയുംകൊണ്ടു വിശ്രമമില്ലാതെ ജോലിചെയ്യുന്നവരുടെ ദയനീയാവസ്ഥ കണക്കിലെടുത്തു സേവന വേതന വ്യവസ്ഥകൾ ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം.
ഇവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുന്പാകെ മനുഷ്യാവകാശ പ്രവർത്തകനായ ഗോതുരുത്ത് കളത്തിൽ കെ.ജെ. ക്രിസ്റ്റിയാണു പരാതി സമർപ്പിച്ചത്.തിരുവനന്തപുരം ലേബർ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും മറ്റു വിവിധ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഇവരുടെ സേവന വേതന വ്യവസ്ഥയെക്കുറിച്ചു കമ്മീഷൻ തൊഴിൽവകുപ്പ് സെക്രട്ടറിക്കും ലേബർ കമ്മീഷണർക്കും നിർദേശം നൽകി.
സെക്യൂരിറ്റി ജീവനക്കാർക്കു ജോലി നോക്കുന്നതിനു കുടയും ഇരിക്കാൻ സൗകര്യവും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവരെ നിയമിക്കണം.
മറ്റു ജീവനക്കാരെ പോലെ തന്നെ ഭക്ഷണത്തിനുശേഷം വിശ്രമത്തിനുള്ള സമയവും നൽകി എട്ടു മണിക്കൂർ ജോലി നിർബന്ധമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്. ഇവർക്കു ദിവസവേതനവുമായി 500 രൂപയെങ്കിലും നൽകാൻ നടപടി സ്വീകരിക്കണം. ഇവരെയും ഹോട്ടലിലെ ജീവനക്കാരായി പരിഗണിച്ച് ആനുകൂല്യങ്ങളെല്ലാം നിർബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു.