കോട്ടയം: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ അടച്ചു പൂട്ടിയത് 350 ഹോട്ടലുകൾ. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകൾ ഒരുപരിധിവരെ പിടിച്ചുനിന്നെങ്കിലും ഒറ്റപ്പെട്ടിരിക്കുന്ന ഹോട്ടലുകളാണ് അടച്ചു പൂട്ടിയതിൽ ഏറെയും.
കഴിഞ്ഞദിവസം കുറിച്ചിയിൽ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹൻ(42) കുറിപ്പ് എഴുതിവച്ച് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയതോടെയാണു കോവിഡ് കാലത്ത് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി വീണ്ടും ചർച്ചയായത്.
സാധാരണ സമയത്തിൽനിന്നു വ്യത്യസ്തമായി വിശേഷ ദിവസങ്ങളിലാണ് ഹോട്ടലുകളിൽ കൂടുതൽ കച്ചവടം നടക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം ജില്ലയിലെ പല ഹോട്ടലുകളും പ്രതിസന്ധിയിലായിരുന്നു.
അന്പത് ശതമാനം ഹോട്ടലുകളും പ്രവർത്തനം പുനരാരംഭിച്ചത് വിവിധ ബാങ്കുകളിൽനിന്നും വായ്പ എടുത്താണ്.
തുടർന്നുള്ള വർഷം എത്തിയ പ്രളയവും, പിന്നാലെ എത്തിയ കോവിഡ് പ്രതിസന്ധിയും ചേർന്നു ഹോട്ടൽ മേഖലയെ ആകെ തകർത്തു.
ജില്ലയിൽ 1200 ഹോട്ടലുകളാണ് 2020നു മുൻപ് പ്രവർത്തിച്ചിരുന്നത്. കോവിഡിനുശേഷം പകുതിയിലേറെ ഹോട്ടലുകളു ടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.
ഗ്രാമീണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്ക് പ്രതിസന്ധിയുണ്ടായെങ്കിലും പലതിനും വാടക അടക്കമുള്ള ചെലവ് കുറവായതിനാൽ പിടിച്ചു നിൽക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.
പാക്കേജ് പ്രഖ്യാപിക്കണം
ഒറ്റപ്പെട്ടു പ്രവർത്തിച്ചിരുന്ന ഹോട്ടലുകളാണു പ്രതിസന്ധിയുടെ ദോഷം ഏറെ അനുഭവിച്ചത്.
നഗരത്തിൽനിന്നും പുറത്തേക്കുള്ള ഭാഗത്തെ ഹോട്ടലുകളാണു പൂട്ടിയതിൽ ഏറെയും. ഈ ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞതാണ് ഇവർ അടച്ചു പൂട്ടുന്നതിന് ഇടയാക്കിയത്.
കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന ഹോട്ടൽ ഉടമകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുറിച്ചിയിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ സാഹചര്യത്തിൽ സർക്കാർ ഹോട്ടൽ ഉടമകളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കണക്കാക്കണം.
സർക്കാർ സാധാരണക്കാരായ ഹോട്ടൽ ഉടമകളുടെ കാര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പ്രളയത്തെ തുടർന്നു പല ഹോട്ടലുകളും പ്രതിസന്ധി നേരിടുകയാണ്. പ്രളയകാലത്ത് ഹോട്ടലുകളിൽ പലതിലും വെള്ളം കയറിയിട്ടുണ്ട്.
ഈ ഹോട്ടലുകൾ തുറക്കാൻ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഹോട്ടലുകൾക്കുവേണ്ടി പ്രത്യേക പരിഗണന നൽകണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടിയും, ജനറൽ സെക്രട്ടറി എൻ. പ്രതീഷും ആവശ്യപ്പെട്ടു.