തൃശൂർ: പൂരം എത്തുന്നതോടെ ഭക്ഷണത്തിന് ഹോട്ടലുകളിൽ വൻ തുക കൊടുക്കേണ്ടി വരും. പൂരത്തിനു മുന്പു തന്നെ ഒട്ടു മിക്ക ഹോട്ടലുകളിൽ വൻ വിലക്കയറ്റമാണ് വരുത്തിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയുമൊക്കെ വില കൂട്ടിയതിനാലാണ് ചായക്കും ഭക്ഷണ സാധനങ്ങൾക്കുമൊക്കെ വില കൂട്ടിയിരിക്കുന്നതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
എന്നാൽ പല ഹോട്ടലുകളിൽ പല വിലയ്ക്കാണ് ചായയും കാപ്പിയും വരെ കൊടുക്കുന്നത്. ഹോട്ടലുടമകൾക്ക് തോന്നുന്ന വില ഈടാക്കിയാൽ ആരും ചോദിക്കാനില്ലാത്ത സാഹചര്യമായി.
വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന നിലപാടിലെത്തിയതോടെ ചില ഹോട്ടലുകളിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
പൂരമെത്തുന്നതോടെ നഗരത്തിലെ പല ഹോട്ടലുകളിൽ വില വീണ്ടും കൂട്ടി കൊള്ള നടത്താനുള്ള തയ്യാറെടുപ്പിലാണ്.
സാധാരണ പൂരം എത്തുന്പോൾ വില വിവരം പ്രദർശിപ്പിക്കണമെന്നും വില കൂട്ടരുതെന്നും ജില്ലാ ഭരണകൂടം പ്രത്യേകം നിർദ്ദേശം നൽകുമായിരുന്നു.
ഇതിന് വിപരീതമായി വില കൂട്ടിയാൽ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം നിർദ്ദേശങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സംഘടനകളിൽ അംഗങ്ങളല്ലാത്ത ഹോട്ടലുകളിൽ നേരത്തെ 12 രൂപ ചാർജുണ്ടായിരുന്ന ചായക്ക് ഇപ്പോൾ 17 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്.
ഭക്ഷണ സാധനങ്ങളുടെ വില നാലിരട്ടി വരെ വർധിപ്പിച്ചു. വിലയിൽ ഏകീകരണമില്ലാത്തതിനാൽ അവരവർക്ക് ഇഷ്ടമുള്ളതുപോലെയാണ് വിലകൾ കൂട്ടുന്നത്.
ഇതെല്ലാം കണ്ട് ജില്ലാ ഭരണകൂടം കൈയും കെട്ടി നോക്കിയിരിക്കയാണ്. പൂരത്തിന് ഇത്തവണ വൻ ജനാവലി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
ഇതു കണ്ട് ഹോട്ടലുകളും തയ്യാറെടുപ്പിലാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ട സംവിധാനവും നടപ്പായിട്ടില്ല.