കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ ഹോട്ടലുടമകൾ.
ഇന്നലെമുതൽ തുറന്നുപ്രവർത്തിച്ച എല്ലാ ഹോട്ടലുകളിലും ഇരുന്നു കഴിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പകുതി സീറ്റുകളിലാണ് ഇരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
സാമൂഹിക അകലം പാലിച്ചാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതും. ഞായറാഴ്ച അവധിദിവസമായിരുന്നെങ്കിലും ഇന്നലെ തുറന്ന ഹോട്ടലുകളിൽ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടു.
ചില ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയായിരുന്നു.
ഒരോ തവണയും ഇളവുകൾ പ്രഖ്യാപിക്കുന്പോഴും ഹോട്ടലുകൾക്ക് ഇളവു ലഭിക്കുമെന്ന് കരുതിയെങ്കിലും സർക്കാർ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെന്നു മാത്രമല്ല പകരം ഹോട്ടൽ മേഖലയിൽ ഓരോ തവണയും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ചെയ്തത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും ഇളവ് അനുവദിച്ചെങ്കിലും ഹോട്ടൽ മേഖലയെ അവഗണിച്ചതിൽ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇരുന്നു കഴിക്കാൻ അനുമതി നൽകാത്തതിനെത്തുടർന്ന് മുറ്റത്ത് പന്തലിട്ടും ഹാളുകളിലേക്കും പോർച്ചിലേക്കും സീറ്റുകൾ മാറ്റിയും പല ഹോട്ടലുകളും ഭക്ഷണം നൽകി തുടങ്ങിയിരുന്നു.
ഹോട്ടലുകളിൽ ഇരുന്നു കഴിക്കുന്നതിനു മുന്നോടിയായി അടഞ്ഞുകിടന്നിരുന്ന ഹോട്ടലുകൾ മിക്കതും അറ്റകുറ്റപ്പണികൾ നടത്തി മോടി പിടിപ്പിച്ചിരുന്നു.
ഇതു കൂടാതെ ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ അസോസിയേഷൻ ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും വാക്സിനും നൽകി.
ഇരുന്നു കഴിക്കാൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും ഉപയോഗിച്ച വൈദ്യുതിക്കു മാത്രം ബിൽ നൽകണമെന്നും വെള്ളക്കരം ഒഴിവാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.