കണ്ണൂർ: എടചൊവ്വയിലെ വീട്ടിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി ഇബ്രാഹിം കഞ്ചാവ് കടത്തുന്നത് ഹോട്ടലിന്റെ മറവിലെന്ന് പോലീസ്.
കണ്ണൂരിലെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പുകാരനാണ് ഇയാൾ. ഈ ഹോട്ടലുകളുടെ മറവിലാണ് ഇയാൾ വിൽപന നടത്തി വന്നത്. കണക്കിൽ കവിഞ്ഞ പണം എവിടെ നിന്നു വരുന്നെന്ന് പല തവണ ഇയാളോട് ചോദിച്ചപ്പോൾ ഹോട്ടൽ ബിസിനസ് നല്ല മെച്ചം ഉണ്ടെന്നായിരുന്നു മറുപടി.
തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ച് വന്നപ്പോഴാണ് കഞ്ചാവ് വിൽപന നടത്തുന്നതായി സൂചന ലഭിച്ചത്.പിന്നീടുള്ള അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടവും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തും പോലീസ് കണ്ടെത്തിയത്.
കേരളത്തിലേക്ക് കഞ്ചാവ് കടത്താനുപയോഗിച്ച വാഹനം പോലീസ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി കണ്ണൂരിലെത്തിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇബ്രാഹിമിന് കൂട്ടാളികൾ ഉണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഇബ്രാഹിം കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി ഇനി കണ്ടെത്താനുണ്ട്. മലപ്പുറം സ്വദേശിയാണ് ഇന്ധന ടാങ്ക് കഞ്ചാവിനുള്ള രഹസ്യ അറയാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാണ്. എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘമാണ് അന്വേഷണം നടത്തുന്നത്.