കോട്ടയം: രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. സംക്രാന്തി പാർക്ക് ഹോട്ടൽ മലപ്പുറം കുഴിമന്തി സ്ഥാപന ഉടമ കാസർഗോഡ് സ്വദേശി എ. ലത്തീഫ് ഒളിവിലാണ്.
ഇയാളെ പോലീസിനു ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനോടകം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് 14ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
അലീന മാത്യു പെരുന്പായിക്കാട്, നീതു ആൻ സെബാസ്റ്റ്യൻ പേരൂർ എന്നിവർ കാരിത്താസ് ആശുപത്രിയിലും ബിൻസ് ജോസ് ആനിക്കാട്, അശ്വതി മുണ്ടക്കയം, രാജൻ കുമാരനല്ലൂർ എന്നിവരും കുമാരനല്ലൂർ സ്വദേശി സണ്ണിയും ഭാര്യയും രണ്ടു കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടമാളൂർ കിംസ് ആശുപത്രിയിൽ ആറു പേർ ചികിത്സയിലുണ്ട്. കൈപ്പുഴയിലുള്ള പിഎച്ച്സി സെന്ററിലും ആളുകൾ ചികിത്സയിലാണ്.
മജ്ഞു ചെറിയാൻ, ജോഷ്ണി മാത്യു, കെയ്റ്റിലിൻ, ഷിജോ മോൻ, ബിജു അതിരന്പുഴ എന്നിവരാണ് ഇവിടെ ചികിത്സയിലുള്ളത്. വിവിധ ആശുപത്രികളിൽനിന്നായി ഏഴു പേർ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി പോയിരുന്നു.
യുവാവിനെ ഡയാലിസിസിന് വിധേയമാക്കി
ഗാന്ധിനഗര്: ഭക്ഷ്യവിഷബാധയെത്തുടര്ന്ന് ചികിത്സയില് കഴിയുന്ന യുവാവിനെ ഡയാലിസിസിന് വിധേയമാക്കി. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടല് പാര്ക്കില്നിന്ന് അല്ഫാം കഴിച്ചതിനെ തുടര്ന്ന് ഭക്ഷ്യവിഷബാധയേറ്റ കുമാരനല്ലൂര് ഉമ്പുക്കാട്ട് രാജേഷ് (43) നെയാണ് കോട്ടയം മെഡിക്കല് കോളജില് ഡയാലിസിന് വിധേയമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോട്ടലില്നിന്ന് അല്ഫാം കഴിച്ചത്. രാത്രിയോടെ ഛര്ദിയും വയറിളക്കവും ഉണ്ടായി. ഉടന് തന്നെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ആരോഗ്യ നില മാറ്റമില്ലാതിരുന്നതിനെത്തുടര്ന്ന് ചൊവ്വാഴ്ച രാവിലെ 6.30 ന് മെഡിക്കല് കോളജില് എത്തിച്ചു. മെഡിസിന് വാര്ഡില് പ്രവേശിപ്പിച്ച രാജേഷിന്റെ ആരോഗ്യനില മോശമായതിനെത്തുടര്ന്ന് ഇന്നലെ വൈകിട്ടോടെ ഡയാലിസിസിന് വിധേയമാക്കി.
അതേസമയം ഭക്ഷ്യവിഷബാധയേറ്റ മെഡിക്കല് കോളജ് ജീവനക്കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.മെഡിക്കല് കോളജ് നഴ്സിംഗ് അസിസ്റ്റന്റ് തെയ്യാമ്മ (50) യുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.
കഴിഞ്ഞ 29 നായിരുന്നു ഇവര് ഹോട്ടല് പാര്ക്കില്നിന്ന് അല്ഫാം കഴിച്ചത്. രാത്രിയോടെ ഛര്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്ന്ന് രാത്രി മെഡിക്കല് കോളജില് ചികിത്സ തേടുകയായിരുന്നു.
പിന്നീട് സ്വകാര്യ ആശുപത്രിയില് ചികിത്സതേടി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്ന്ന് ഇവര് ആശുപത്രി വിട്ടു.