ഖത്തറിൽ ഒരു ഹോട്ടൽ വരുന്നുണ്ട്. തലക്കെട്ടു വായിച്ചിട്ടു കരുതണ്ട, ഉഴുന്നുവട മാത്രം കിട്ടുന്ന ചായക്കടയാണെന്ന്. ഉഴുന്നുവട എന്നു ലോക്കൽ സെറ്റപ്പിൽ പറഞ്ഞതാണ്. വിദേശികൾ പറയുന്നത് ഡോനട്ട് എന്നാണ്.
രുചിയിൽ വ്യത്യാസമുണ്ടെങ്കിലും രൂപത്തിൽ ഡോനട്ടും ഉഴുന്നുവടയും ഏതാണ്ട് ഒരേപോലെയാണ്. ഡോനട്ട് മധുരിക്കുമെന്നുമാത്രം.
പറഞ്ഞുവന്നത് അതല്ല, ഈ ഡോനട്ടിന്റെ, അല്ലെങ്കിൽ ഉഴുന്നുവടയുടെ ആകൃതിയിൽ ഒരു ഹോട്ടൽ ഒരുങ്ങുകയാണ് ഖത്തറിൽ. വെറും ഹോട്ടലല്ല, ആൾക്കാരെ ഞെട്ടിക്കുന്ന ഹോട്ടൽ.
3.80 ലക്ഷം സ്ക്വയർഫീറ്റ്
ആകൃതി ഡോനട്ടിന്റെതാണെങ്കിലും വലിപ്പം ചില്ലറയല്ല ഈ ഹോട്ടലിന്. 152 റൂമുകളുള്ള ഹോട്ടലിന്റെ ആകെ വിസ്തീർണം 3.80 ലക്ഷം സ്ക്വയർഫീറ്റാണ്. ഇനി കേട്ടാൽ ആരും വാപൊളിച്ചുനിൽക്കുന്ന വിശേഷങ്ങളിലേക്കു വരാം.
കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഹോട്ടലിലേക്ക് റോഡുണ്ടാകും. അതേസമയം ആഡംബര നൗകകളിൽ എത്തുന്നവർക്കായി രണ്ടു വന്പൻ ബോട്ട് ജെട്ടികളുമുണ്ട്.
ഹെലിപാഡും തൊട്ടടുത്ത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്ന വിഐപികൾക്ക് ഹെലികോപ്റ്റർ സൗകര്യം ഉപയോഗിക്കാനാവും.
വട്ടംകറങ്ങിപ്പോകും!
7,500 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ലോബിയാണ് മധ്യത്തിൽ. ഇതിനു ചുറ്റുമായി കടലിലേക്കു കണ്തുറക്കുന്ന 152 മുറികൾ. ഓരോന്നിനും സ്വകാര്യ ബാൽക്കണികളുണ്ടാകും. ഇവിടെനിന്നുള്ള കാഴ്ചകളാകട്ടെ മാറിക്കൊണ്ടിരിക്കും.
അതെങ്ങനെയെന്നല്ലേ? സിംപിളാണ്- ഹോട്ടൽ കറങ്ങിക്കൊണ്ടിരിക്കും. ഒരുതവണ പൂർണമായി കറങ്ങാൻ 24 മണിക്കൂറെടുക്കും. അതുകൊണ്ടുതന്നെ അത്രപെട്ടെന്ന് ഈ കറക്കം അറിയില്ല.
എന്നാലും ഇടവേളകളിൽ കാഴ്ചകൾ മാറിക്കൊണ്ടിരിക്കും.
ഹോട്ടലിനകത്തും പുറത്തും സ്വിമ്മിംഗ് പൂളുകൾ, സ്പാ, ജിംനേഷ്യം എന്നിവയും ഒരു മിനി ഗോൾഫ് കോഴ്സും അതിഥികളെ കാത്തിരിക്കുന്നുണ്ടാവും.
പരിസ്ഥിതി മുഖ്യം
അത്രയുമാകട്ടെ., ഇതിനൊക്കെ കറന്റ് എവിടെനിന്നാണ് എന്നു സംശയിക്കേണ്ട. വൈദ്യുതിയുണ്ടാക്കാൻ പല സംവിധാനങ്ങളാണ് ഹോട്ടലിൽ ഉണ്ടാവുക.
സൗരോർജ്ജവും കാറ്റിൽനിന്നുള്ള വൈദ്യുതിയും പോരാഞ്ഞ് തിരമാലകളിൽനിന്നു വൈദ്യുതിയുണ്ടാക്കാനുള്ള വന്പൻ സംവിധാനവും ഹോട്ടലിലുണ്ട്. മാലിന്യം ഈ വഴിയുണ്ടാവില്ല.
ഹോട്ടലിൽ ആകമാനമുള്ള പച്ചപ്പിനെ വെള്ളമൊഴിച്ചു തളിർത്തുനിർത്താനും മുൻകരുതലുണ്ട്- ഉഴുന്നവടയുടെ മധ്യഭാഗത്തെ തുള ഒരു ഫണൽ മാതൃകയിലാണുള്ളത്. ഇതിലൂടെ മഴവെള്ളം ശേഖരിച്ച് സൂക്ഷിച്ചുവയ്ക്കും.
ഹയ്റി അതക് ആർക്കിടെക്ചറൽ ഡിസൈൻ സ്റ്റുഡിയോ ആണ് ഹോട്ടലിന്റെ രൂപകല്പന നിർവഹിക്കുന്നത്.
നാലുവർഷത്തിനകം ഹോട്ടൽ യാഥാർഥ്യമാക്കാം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇതേക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.
പന്തുകളി പ്ലാൻ
അടുത്തവർഷം ഫുട്ബോൾ ലോകകപ്പിനു വേദിയാകാനിരിക്കേ ഖത്തറിൽ പാരന്പര്യേതര ഉൗർജ്ജം ഉപയോഗപ്പെടുത്തുന്ന, കടലിൽ പൊങ്ങിക്കിടക്കുന്ന 16 ഹോട്ടലുകൾകൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
ഏതാണ്ട് പതിനഞ്ചു ലക്ഷം ഫുട്ബോൾ പ്രേമികൾ കളികാണാൻ എത്തുമെന്നാണ് നിലവിലുള്ള കണക്ക്. ഇവർക്കെല്ലാം താമസസൗകര്യം ഒരുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.
4,000 കാബിനുകളുള്ള രണ്ടു ക്രൂയിസ് കപ്പലുകൾ ചാർട്ടർ ചെയ്ത് ഉപയോഗിക്കാനും ഖത്തർ ആലോചിക്കുന്നു.
കറങ്ങും ഹോട്ടൽ യാഥാർഥ്യമായാൽ വലിയ ടൂറിസം സാധ്യതകളും ഖത്തറിനു മുന്നിൽ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ.
-വി.ആർ.