കടുത്തുരുത്തി: ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഹെല്‍ത്തി കേരളയുടെ ഭാഗമായാണു പരിശോധനകള്‍ നടന്നത്. കടുത്തുരുത്തി, മുളക്കുളം, വെള്ളൂര്‍ പഞ്ചായത്തുകളിലെല്ലാം വ്യാപക പരിശോധനകള്‍ നടന്നു. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണു പരിശോധന നടന്നത്.
കടുത്തുരുത്തിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കും കൊതുക് വളരുന്നതിനുള്ള സാഹചര്യം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരു വീട്ടുടമയ്ക്കും നോട്ടീസ് നല്കി. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലാത്ത രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. കടുത്തുരുത്തി മേഖലയില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വെള്ളൂര്‍, മുളക്കുളം പഞ്ചായത്ത് മേഖലയില്‍ നടത്തിയ പരിശോധനയില്‍ രോഗാണുക്കള്‍ പടരുന്നതിന് ഇടയാക്കുന്ന തരത്തില്‍ മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 11 സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. വിവിധ മേഖലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഭക്ഷണാവശിഷ്ടങ്ങള്‍ സമയത്ത് നീക്കം ചെയ്യാത്തതിനാല്‍ പുഴുവരിക്കുന്ന നിലയില്‍ ചില ഹോട്ടലുകളുടെ അടുക്കള പരിശോധനയില്‍ കണ്ടത്തെി.
ലൈസന്‍സുകളില്ലാതെയും കാലഹരണപ്പെട്ട ലൈസന്സുകളുമായും പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വടകര, വരിക്കാംകുന്ന് എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരുന്ന ഹെല്‍ത്ത് കാര്‍ഡില്ലാത്ത അഞ്ച് തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ വിലക്കി. വടകരയിലെ ഹോട്ടലില്‍നിന്നു വരിക്കാംകുന്നിലെ തട്ടുകടയില്‍ നിന്നും ആവര്‍ത്തിച്ചു ഉപയോഗിച്ചു വന്നിരുന്ന കരി ഓയില്‍ പരുവത്തിലായ 15 ലിറ്ററോളം പാചകയെണ്ണയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ഭക്ഷണ, പാനീയ കടകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വിതരണം ചെയ്തു. നോട്ടീസുകള്‍ നല്കിയ കടകളില്‍ കാലാവധിക്കുശേഷം വീണ്ടും പരിശോധനകള്‍ നടത്തും. പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വീണ്ടും വീഴ്ച്ചകള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതുള്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പെരുവയില്‍ പുകയിലരഹിത ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത രണ്ട് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കടയോട് ചേര്‍ന്ന് പുക വലിക്കുന്നതിന് ലൈറ്റര്‍ സൗകര്യം ഏര്പെടുത്തിയതിനും പൊതുസ്ഥലത്ത് പുകവലിക്കല് എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയ മൂന്നുപേര്‍ക്കെതിരെയും പിഴ ചുമത്തി.