തൃശൂർ: നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല മിന്നൽപരിശോധനയിൽ ഒരു ഹോട്ടൽ അടപ്പിച്ചു. രണ്ടു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. ഇക്കണ്ടവാര്യർ റോഡിലെ ഹോട്ടൽ സുലൈമാനിയാണ് അടുക്കള വൃത്തിഹീനമാണെന്നു കണ്ട് അടപ്പിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തുള്ള ജെസി കുപ്പ, ഈസ്റ്റ് ഫോർട്ടിലെ മലബാർ ഹോട്ടൽ എന്നിവർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
പരിശോധനസമയത്ത് ജെസി കുപ്പയ്ക്ക് ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞില്ല. അവർക്കു ലൈസൻസ് ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്. സുലൈമാനി ഹോട്ടലിന്റെ അടുക്കളയിൽ പെരുച്ചാഴി മാന്തി വൃത്തിഹീനമായ രീതിയിൽ കണ്ടെത്തിയതിനെതുടർന്നാണ് അടച്ചുപൂട്ടിച്ചത്.
പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിലെയും അടുക്കളയിലെ ഫ്രീസറിൽ വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ചുസൂക്ഷിച്ച നിലയിലായിരുന്നു. പഴകിയതും കേടുവന്നതുമായ കോഴിയിറച്ചി, മീൻ എന്നിവ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാൽ, ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറം എന്നിവയും ചില ഹോട്ടലുകളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി കമ്മീഷണർ ഡോ. രത്തൻ കേൽക്കറുടെ ഉത്തരവനുസരിച്ച് ജില്ലയിൽ മൂന്നുദിവസമായി വകുപ്പിന്റെ പരിശോധന നടന്നുവരികയാണ്. ഇന്നലെ എട്ടു ഹോട്ടലുകൾക്കു നോട്ടീസ് നൽകി. നാലു ഹോട്ടലുകൾക്കു പിഴയും ചുമത്തി. 25വരെ പരിശോധന തുടരും. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവരാണ് പരിശോധന നടത്തിയത്.