സത്യസന്ധതയും ആത്മാര്‍ത്ഥതയും അന്യം നില്‍ക്കുന്ന കാലഘട്ടത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മറന്നുവെച്ച 25 ലക്ഷം രൂപയും, വാച്ചും തിരികെ ഏല്‍പ്പിച്ച ഹോട്ടല്‍ ജീവനക്കാരന്‍ മാതൃകയായി. അണ്ണാനഗര്‍ ശരവണ ഭവനിലെ വെയിറ്റര്‍ രവിയാണ് സത്യസന്ധതയുടെ പര്യായമായത്. പണവും, വാച്ചും ശ്രദ്ധയില്‍പ്പെട്ട രവി ഉടന്‍ ഇത് മാനേജ്മെന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിക്കാതെ വന്നതോടെ പോലീസിനെയും ഏല്‍പ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ജോലിത്തിരക്കിനിടയിലാണ് കസേരയില്‍, ഭക്ഷണം കഴിക്കാനെത്തിയവരാരോ മറന്നുവച്ച ബാഗ് രവിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അതു മാനേജര്‍ക്കു കൈമാറി. ഏതു സീറ്റില്‍നിന്നു ലഭിച്ചതാണെന്നും പറഞ്ഞേല്‍പിച്ചു. വൈകുന്നേരമായിട്ടും ആരും എത്താത്തതിനാല്‍ അവര്‍ ബാഗ് പരിശോധിച്ചു. അപ്പോഴാണ് 25 ലക്ഷം രൂപയാണ് ബാഗിലുള്ളതെന്ന് കണ്ടെത്തിയത്. ബാഗിലുള്ളതു കള്ളനോട്ടായതിനാലാണോ ആരും തിരക്കിവരാത്തതെന്ന സംശയത്താല്‍ ആ നിലയ്ക്കും പരിശോധിച്ചപ്പോള്‍ അങ്ങനല്ലെന്ന് മനസിലായി.
ഒരുദിവസം കാത്തിരുന്നിട്ടും ആരും വരുന്നില്ലെന്നു കണ്ടതോടെ കെഫോര്‍ പോലീസ് സ്റ്റേഷനില്‍ ബാഗ് ഏല്‍പിച്ചു. സിസിടിവി പരിശോധനയില്‍ നന്നായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാരാണു ബാഗ് മറന്നുവച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിച്ചുപറിയും തട്ടിപ്പറിയും വര്‍ധിക്കുന്ന നഗരത്തില്‍ സത്യസന്ധതയുടെ പുതിയ മാതൃക കാണിച്ച രവിയെ ഡിജിപി ടി.കെ.രാജേന്ദ്രനും അഭിനന്ദിക്കാനെത്തി. വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അനേകമാളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.