കൊച്ചി: ഹോട്ടലിനു സമീപം വീണു പരിക്കേൽക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടലുടമയടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെപിആര്‍ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുകുട്ടന് (53) ആണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ഉടമ കാസര്‍ഗോഡ് സ്വദേശി പി.എം. മുഹമ്മദ് അസ് ലം (50), ജീവനക്കാരായ ആസാം സ്വദേശി ഹച്ചിമദീന്(25), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജാഫര്‍ അലം (18), മുഹമ്മദ് അസ്ലം സാഹബ് (18), അസിം ഭഗത്ത് (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനുക്കുട്ടനെ ഉപ്പും മുളകും ഹോട്ടലിന് സമീപം വീണ് തലയ്ക്ക് പരിക്കേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 26ന് രാവിലെ 11ന് ഇദ്ദേഹം മരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് ആദ്യം എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. എസ്എച്ച്ഒ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മനുക്കുട്ടന് ഭക്ഷണം കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി വഴക്കില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ മനുക്കുട്ടനെ മര്‍ദിക്കുകയും പിടിച്ചു തള്ളിയപ്പോള്‍ ഹോട്ടലിന്റെ വശത്തുള്ള ചവിട്ടുപടിയില്‍ തലയിടിച്ചു വീഴുകയും ചെയ്തു.
തലയ്ക്കു പരിക്കേറ്റ് ബോധരഹിതനായ മനുക്കുട്ടനെ ഹോട്ടലുടമയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജീവനക്കാര്‍ മുന്‍ വശത്തുള്ള കാനയുടെ ഭാഗത്തേക്ക് മാറ്റി കിടത്തിയശേഷം ഹോട്ടലിനുള്ളിലെ രക്തം കഴുകി കളഞ്ഞ് തെളിവു നശിപ്പിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്. രാജീവ്, പി.ജെ.സന്തോഷ്കുമാര്‍, സിപിഒമാരായ വിനീത്, അജിലേഷ്, രാജ് മോന്, ഉണ്ണികൃഷ്ണന്, ജിത്തു രമേശ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.