ചായയ്ക്ക് ചൂടില്ലെന്നു പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ ബസ് തടഞ്ഞ് മര്‍ദ്ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍.
ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് മൂന്നാര്‍ ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.
ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്തശേഷം കൊണ്ടുവന്ന ചായ തണുത്ത് പോയെന്ന് പറഞ്ഞ് സഞ്ചാരികളിലൊരാള്‍ ചായ ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. പിന്നീട് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു.
എന്നാല്‍ ഇയാളെ വെറുതെ വിടാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.