ന്യൂഡൽഹി: ഉപയോക്താവിന്റെ സമ്മതമില്ലാതെ സർവീസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വേറെ നികുതി ഏർപ്പെടുത്തുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏപ്രിലിൽ സർക്കാർ പുറപ്പെടുവിച്ച മാർഗരേഖ പല ഹോട്ടലുകളും പാലിക്കുന്നില്ലെന്നു ഗവൺമെന്റും സന്നദ്ധസംഘടനകളും കരുതുന്നു.
സർവീസ് ചാർജ് എന്ന പേരിൽ തുക ഈടാക്കാൻ ഹോട്ടലുകൾക്ക് അധികാരമില്ലെന്നു മാർഗരേഖയിൽ ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ടിപ്പിനു പകരമായാണു പലരും സർവീസ് ചാർജ് ബില്ലിൽ ചേർക്കുന്നത്. ബിൽ തുകയുടെ അഞ്ചു മുതൽ 20 വരെ ശതമാനം തുക ഇപ്രകാരം ഈടാക്കാറുണ്ട്.
എന്നാൽ, മെനു കാർഡിൽ രേഖപ്പെടുത്തിയ വിലയും ബാധകമായ നികുതികളും അല്ലാതെ എന്തെങ്കിലും ചാർജ് ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു ഗവൺമെന്റ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.
1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണിത്; അതുവഴി ശിക്ഷാർഹവും. ഈ മാർഗരേഖ പലരും പാലിക്കാത്ത സാഹചര്യത്തിൽ ഈ സർവീസ് ചാർജിന് നികുതി ചുമത്താനാണ് ഉപഭോക്തൃകാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഇതുസംബന്ധിച്ചു മന്ത്രി രാംവിലാസ് പസ്വാൻ ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡി (സിബിഡിടി)നോട് ഈ സർവീസ് ചാർജിനു നികുതി ചുമത്തുന്നതിനെപ്പറ്റി പഠിക്കാൻ നിർദേശിച്ചിട്ടുണ്ട്.ഹോട്ടലുകൾ ടിപ്പിനു പകരം എന്ന മട്ടിൽ ഈടാക്കുന്ന സർവീസ് ചാർജ് സെർവർമാർക്കു നൽകുന്നില്ലെന്നും ഗവൺമെന്റ് കരുതുന്നു.