യുഎസ്: മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം ടിപ്പ് നൽകുക എന്നത് ഒരു അലിഖിതനിയമമാണ്. തങ്ങളുടെ പ്രമാണിത്തം കാട്ടാൻ ചിലർ വലിയ തുകതന്നെ ടിപ്പ് നൽകും.
യുഎസിലെ ജോർജിയയിൽ ഒരു റസ്റ്ററന്റിൽ കയറി സാൻഡ്വിച്ച് കഴിച്ച വേറ കോണർ എന്ന വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് വെയിറ്ററുടെ കണ്ണുതള്ളി. പക്ഷേ, യഥാർഥത്തിൽ വേറയ്ക്കു അബദ്ധം സംഭവിച്ചതായിരുന്നു.
പേയ്മെന്റ് കാർഡ് സ്വൈപ്പ് ചെയ്ത് അടയ്ക്കേണ്ട തുക രേഖപ്പെടുത്തിയപ്പോൾ തുകയ്ക്കു പകരം തന്റെ ഫോൺ നന്പറിന്റെ അവസാനത്തെ അക്കങ്ങൾ കൂടി അടിക്കുകയായിരുന്നു.
അതുവഴി വേറയുടെ അക്കൗണ്ടിൽനിന്നു പോയത് 7,105.44 യുഎസ് ഡോളർ (ഏകദേശം അഞ്ചു ലക്ഷം രൂപ). പേയ്മെന്റ് രസീത് കൈയിൽ കിട്ടിയപ്പോഴാണ് തനിക്കു പറ്റിയ അക്കിടി വേറയ്ക്കു മനസിലായത്.
മറ്റെന്തോ ആലോചനയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് ഉടൻതന്നെ അവർ വെയിറ്ററോട് ക്ഷമ ചോദിച്ചു. പണം തിരികെ കിട്ടാൻ ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ വേറ.