കോഴിക്കോട്: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ 54-ാം സംസ്ഥാനസമ്മേളനം 25 മുതൽ 29 വരെ കോഴിക്കോട് എരഞ്ഞിപ്പാലം സ്വപ്നനഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടക്കും. 29ന് വൈകിട്ടു നാലിനു നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യുമെന്നു സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹോട്ടലുകളിലെ ടോയ്ലറ്റ് സംവിധാനം പൊതുജനങ്ങൾക്കു സൗജന്യമായി ഉപയോഗിക്കാൻ തുറന്നുകൊടുക്കുന്ന “ക്ളൂ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ,വി.എസ്.സുനിൽകുമാർ, കെ.കെ.ഷൈലജ , എംപിമാരായ എം.കെ.രാഘവൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, എ.പ്രദീപ്കുമാർ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
“സുരക്ഷിതഭക്ഷണം സൗഹൃദസേവനം’ എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. ദേശീയ- അന്തർദേശീയ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും വിവിധ ഹോട്ടൽ ഉപകരണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനമായ ഹോട്ടൽ എക്സ്പോയും 25 മുതൽ നടക്കും.
തട്ടുകടകൾ നിയമവിധേയമാക്കുകയും നിലവിലുള്ള നിയമങ്ങൾ അവർക്കുകൂടി ബാധകമാക്കുകയും വേണമെന്നതാണു സംസ്ഥന സമ്മേളനത്തിലെ മുഖ്യആവശ്യം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഹോട്ടൽ, റസ്റ്ററന്റ്, ലോഡ്ജ്, ഹെറിട്ടേജ് ഹോട്ടൽ, ബേക്കറി എന്നിവയുടെ ഉടമകൾ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് എം.മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി.ജയപാൽ, ജില്ലാ പ്രസിഡന്റ് ടി.വി.മുഹമ്മദ് സുഹൈൽ, സെക്രട്ടറി സി.ഷമീർ, എൻ.കെ.മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.