ലണ്ടൻ: ഹോട്ടലുകളിൽ കയറി വയറുനിറയെ തിന്നശേഷം ബിൽ അടയ്ക്കാതെ മുങ്ങുന്ന കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. എട്ട് അംഗങ്ങളടങ്ങുന്ന കുടുംബം വിവിധ ഭക്ഷണശാലകളിലായി ഒരു ലക്ഷത്തിലേറെ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
39കാരിയായ യുവതിക്കും ഇവരുടെ 41കാരനായ ഭർത്താവിനുമെതിരേ അഞ്ചു കേസുകളാണു പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിക്കെതിരേ നിരവധി മോഷണക്കേസുകളും നിലവിലുണ്ടെന്നു പറയുന്നു.
വിവിധ റസ്റ്ററന്റുകളിലെ സിസിടിവി കാമറകളിൽ ഇവർ ഭക്ഷണം കഴിക്കുന്നതിന്റെയും വിദഗ്ധമായി മുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആദ്യം ദന്പതികളും രണ്ടു കുട്ടികളുമാണ് എത്തുക. തുടർന്ന് ഇവരുടെ ടേബിളിലേക്കു മറ്റു നാലു പേർ കൂടി എത്തും. വർത്തമാനം പറഞ്ഞും രസിച്ചും ആർക്കും സംശയത്തിനിടകൊടുക്കാതെയാണ് ഇവരുടെ ഹോട്ടലിലെ പെരുമാറ്റം.
വിലകൂടിയ വിഭവങ്ങൾ വയറുനിറയെ കഴിച്ചശേഷം ബില്ലടയ്ക്കാതെ സംഘമായിതന്നെ ഹോട്ടലിൽനിന്നു പുറത്തുകടക്കുകയാണു പതിവ്. ആദ്യം യുവതിയും കുട്ടികളുമാണു പുറത്തുകടക്കുക. പിന്നാലെ പുരുഷന്മാരും പുറത്തുകടക്കും. തുടർന്നു പുറത്തു പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറി വേഗത്തിൽ സ്ഥലംവിടും.