‘അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും’ മലയാളികള്‍ക്ക് സുപരിചിതമായ പ്രയോഗത്തെ സുചിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവനയുമായി യുഎസിലെ ഒഹായോ കോടതി. ഹോട്ടല്‍ ജീവനക്കാരിയോട് മോശമായ പെരുമാറിയ കേസിലാണ് കോടതി വിധി.
യുഎസിലെ ഒഹായോ നഗരത്തിലാണ് സംഭവം നടക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ റോസ് മേരി ഹെയ്ന് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ചിപ്പോട്ടില്‍ ജോലിക്കാരിയായ എമിലി റസ്സലിന്റെ മുഖത്തേക്ക് ഭക്ഷണം വലിച്ചറിയുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നാല് കുട്ടികളുടെ അമ്മയായ ഹെയ്ന് കുറ്റം സമ്മതം നടത്തിയതിന് പിന്നാലെ ഒരു മാസം തടവും രണ്ടും മാസം ഹോട്ടല്‍ ജോലിയുമാണ് ശിക്ഷ. ഹോട്ടല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രതി മനസിലാക്കാന്‍ ജയില്‍ ശിക്ഷ മാത്രം മതിയാവില്ലെന്ന് ജഡ്ജ് തിമോത്തി ഗില്ലിഗന്‍ പറഞ്ഞു. പ്രതി ആഴ്ചയില്‍ 20 മണിക്കൂര്‍ ഹോട്ടല്‍ ജോലിചെയ്യണമെന്നും വിധിയില്‍ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു ശിക്ഷ വിധിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മക്ഡോണാള്‍ഡ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ 90 ദിവസം തടവിന് ശിക്ഷിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണെന്നും ജഡ്ജ് പറഞ്ഞു. പരസ്പര അര്‍ഹിക്കുന്ന ബഹുമാനം നല്കി വേണം ജനങ്ങള്‍ മുന്നോട്ട് പോകാന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.