കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ പുറത്ത്.
നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണിയുള്പ്പെടെയുള്ളവ നഗരത്തിലെ ഹോട്ടലുകളിലെവിടേയും വിളമ്പുന്നില്ല.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും കോഴി കച്ചവടം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
പുറത്ത് നിന്ന് കോഴികളെ എത്തിക്കാന്‍ ശ്രമിച്ചാലും പക്ഷിപ്പനി ഭീതിയില്‍ ആളുകള്‍ ഇവ കഴിക്കാനും തയാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്നത് താത്കാലികമായി നിര്‍ത്തി വച്ചത്.
അതേസമയം മീന്‍, ആട്, ബീഫ് വിഭവങ്ങള്‍ യഥേഷ്ടം ഹോട്ടലുകളില്‍ തയാറാക്കുന്നുണ്ട്. കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയില്‍ താഴെയായി.
ചിക്കന്‍ബിരിയാണി മാത്രം വിറ്റിരുന്ന ഹോട്ടലുകള്‍ ചിലത് ഇതിനകം അടച്ചു പൂട്ടി. ബിരാണിയ്ക്ക് പുറമേ അല്‍ഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കന്‍ തുടങ്ങി എല്ലാ വിധ ചിക്കന്‍ വിഭവങ്ങളും അപ്രത്യക്ഷമായിരിക്കുകയാണ്. ബേക്കറികളിലും ചിക്കന്‍ വിഭവങ്ങള്‍ കിട്ടാതായി.