ആഡംബരത്തിന്റെ കാര്യത്തിൽ നക്ഷത്രഹോട്ടലുകൾ തമ്മിൽ മത്സരം പതിവാണ്. കടലിന് അഭിമുഖമായ മുറി, സ്വിമ്മിംഗ്പൂൾ, ഇഷ്ടഭക്ഷണം ഇഷ്ട സമയത്ത് തുടങ്ങിയ പരസ്യവാചകങ്ങളുടെ കാലംകഴിഞ്ഞു. ഇന്ന് കഥമാറി.
സ്വർണത്തിൽ പണികഴിപ്പിച്ച ഹോട്ടലാണ് ഇപ്പോൾ നക്ഷത്രഹോട്ടലുകളിലെ താരം. വിയറ്റ്നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂർവ ആഡംബരഹോട്ടൽ. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്.
എൻട്രിഗേറ്റ്, നടപ്പാത, വാതിലുകൾ, മുറിയിലെ ഉപകരണങ്ങൾ, ചായക്കപ്പ്, ശുചിമുറി, ബാത്ത് ടബ്ബ് , എന്തിനേറെ ക്ലോസറ്റ് വരെ സ്വർണത്തിൽ ഒരുക്കിയാണ് ഈ ഹോട്ടൽ അതിഥിയെ സ്വീകരിക്കുന്നത്. റൂഫ്ടോപ്പിലുള്ള 24കാരറ്റ് സ്വര്‍ണം ടൈല്‍ ചെയ്ത ഇന്‍ഫിനിറ്റി പൂൾ ആരുടെയും കണ്ണഞ്ചിപ്പിക്കും.
11 വർഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലിൽ 24 നിലകളിലായി 400 മുറികളാണുള്ളത്. കൊറോണ കാരണം മൂന്നു മാസമായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടൽ ഇന്റീരിയറിൽ മാറ്റം വരുത്തി പ്രവർത്തനം ആരംഭിച്ചത്.
ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകദേശം 19,000 രൂപ) ചെലവ് വരുന്നത്. ഹോവ ബിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
നിലവില്‍ ലോകത്ത് ഒരു ഹോട്ടലില്‍ പോലും ഈ സൗകര്യങ്ങളില്ലെന്നും ഹോട്ടലിന്റെ ചെയര്‍മാനായ നുയെന്‍ ഹു ഡുവോങ് പറയുന്നു. ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ടണ്‍ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് ഡുവോങ് പറയുന്നത്.