കാക്കനാട്: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ചു കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ത്തന്നെ.
ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് സ്വദേശിയായ ക്രിസ്റ്റീന നാട്ടിലേക്കു കടന്നുവെന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
ലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കും.
മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ചു പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം.
കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലായ യുവതിക്കു മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിനു ലോഡ്ജ് ശരിയാക്കി നല്‍കിയത്.
ഇയാള്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ലോഡ്ജില്‍ യുവതി എത്തിയത്.
അവിടെവച്ചു ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്കി സലിംകുമാര്‍, ഷമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍പാര്‍പ്പിച്ചു കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഇവരുടെ മൊഴി വീണ്ടും എടുക്കുമെന്നും സൂചനയുണ്ട്. യുവതിക്ക് ഒരു കുഞ്ഞുണ്ട്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം. സലിം കുമാറിനെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.