സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകൾ സന്പൂർണ ലോക്ഡൗണിൽ. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആറു പഞ്ചായത്തുകൾ ഒരു സുപ്രഭാതത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി മാറിയത് ജില്ലയിലാകെ അന്പരപ്പും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.
കോവിഡ് പോസിറ്റീവ് കേസുകളുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്നാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചത്.
ആറു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായതെങ്ങിനെ….
പോസിറ്റീവ് കേസുകളായവർ പലയിടത്തും സന്ദർശനം നടത്തുകയും രോഗവ്യാപനത്തിന് സാധ്യത സൃഷ്ടിക്കുകയും ചെയ്തതുകൊണ്ടാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു. സുരക്ഷ മുൻകരുതലെന്ന നിലയ്ക്കാണ് ആറു പഞ്ചായത്തുകളെ സന്പൂർണ ലോക്ഡൗണ് ഇഫക്ടിലേക്ക് മാറ്റിയത്.
- അടാട്ട്
വടക്കേക്കാട് ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചയാൾ അടാട്ട് സ്വദേശിയാണ്. ഇയാൾ അടാട്ട് മേഖലയിൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ശേഖരിച്ചു വരികയാണ്. ഇയാളുമായി ഇടപഴകിയവരുടെ സന്പർക്ക ലിസ്റ്റും ശേഖരിക്കുന്നുണ്ട്. മുൻകരുതലെന്ന നിലയ്ക്കാണ് അടാട്ടിനെ കണ്ടെയ്ൻമെന്റ് സോണാക്കിയതെന്നാണ് കരുതന്നതെന്നും പോസിറ്റീവ് ആയ ആൾ അടാട്ട് സ്വദേശിയാണെങ്കിലും ഇയാൾ പഞ്ചായത്തിൽ അധികം എത്തിയിട്ടില്ലെന്നും ആൾക്കാരുമായി ഇടപഴകിയിട്ടില്ലെന്നുമാണ് പ്രാഥമിക വിവരമെന്ന് അടാട്ട് പഞ്ചായത്ത് പ്രസിന്റ് ജയചന്ദ്രൻ പറഞ്ഞു. - അവണൂർ
കോവിഡ് സേവനങ്ങളിൽ വളണ്ടിയറായിരുന്ന ആൾ അവണൂർ സ്വദേശിയാണ്. ഇയാൾ പലയിടത്തും സഞ്ചരിച്ചിരുന്നതായി പറയുന്നു. ഇയാളുമായി പ്രാഥമിക സന്പർക്കം പുലർത്തിയവരടക്കം നിരവധി പേർ ഇവിടെ നിരീക്ഷണത്തിലാണ്. ഇതെത്തുടർന്നാണ് അവണൂർ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അവണൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പോലീസും ആരോഗ്യവകുപ്പും ചേർന്ന് മൈക്ക് അനൗണ്സ്മെന്റ് നടത്തി ആളുകളോട് പരമാവധി പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. - പൊറത്തിശേരി
പൊറത്തിശേരി ആരോഗ്യകേന്ദ്രത്തിലെ ഹെഡ്നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മേയ് 27 വരെ ഇവർ അവിടെ സേവനമനുഷ്ഠിച്ചിരുന്നു. അതിന് ശേഷമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ, ആശ വർക്കർമാർ എന്നിവരടക്കമുള്ളവർ ഇവിടെ ക്വാറന്റൈനിൽ ആയിക്കഴിഞ്ഞു.
ഈ ആരോഗ്യകേന്ദ്രത്തിൽ നിന്ന് 27-ാം തിയതിവരെ വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങളുടേയും അവരുടെ വീട്ടുകാരുടേയും ഇൻജക്ഷനുകളെടുക്കാനെത്തിയ ഗർഭിണികളുടേയും കുടുംബങ്ങളുടേയും പേരും വിലാസവും വിവരങ്ങളുമടങ്ങുന്ന രജിസ്റ്റർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ കുടുംബങ്ങളോടെല്ലാം വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്. 67 പേർക്ക് വാക്സിനേഷനും ഇൻജക്ഷനും ഈ നേഴ്സ് നൽകിയതായാണ് റിപ്പോർട്ട്. പത്തൊന്പത് വാർഡുകളാണ് പൊറത്തിശേരിയിലുള്ളത്. - ചേർപ്പ്
രണ്ടു പോസിറ്റീവ് കേസുകളാണ് ചേർപ്പ് പഞ്ചായത്തിലുണ്ടായിരിക്കുന്നത്. ആദ്യം പോസിറ്റീവായത് പൊറത്തിശേരി ആരോഗ്യകേന്ദ്രത്തിലെ നേഴ്സിനാണ്. ഇവർ ചേർപ്പ് സ്വദേശിയാണ്. ഇവരുടെ ഭർത്താവിനാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ചേർപ്പിൽ പലയിടത്തും സഞ്ചരിച്ചിരുന്നതായി പറയുന്നു. ആദ്യം പോസിറ്റീവായ നേഴ്സിന് യാതൊരു വിധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇവർ കോവിഡ് രോഗികളുമായി ഇടപഴകിയിട്ടുമില്ല. ഇവർക്ക് രോഗം എങ്ങിനെയാണ് വന്നതെന്നതിനെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. 21 വാർഡുകളാണ് ചേർപ്പിലുള്ളത്. - തൃക്കൂർ
തൃക്കൂരിൽ കോവിഡ് സ്ഥിരീകരിച്ച ആൾ പലയിടത്തും പോയിരുന്നതായും പലരുമായി ഇടപഴകിയതും കണ്ടെത്തിയതോടെയാണ് തൃക്കൂരിനെ കണ്ടെയ്ൻമെന്റ് സോണിലാക്കിയത്. ഡൽഹിയിൽ നിന്നെത്തിയ ഗർഭിണിയായ യുവതിക്കും സന്പർക്കത്തിലൂടെ ഇവരുടെ അച്ഛനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ അച്ഛൻ രോഗവിവരമറിയാതെ പലയിടത്തും പോയിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സന്പർക്കപട്ടിക തയ്യാറാക്കി. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വാർഡുകളിൽ സുരക്ഷ മുൻകരുതലുകളെടുത്തിട്ടുണ്ട്. - വടക്കേക്കാട്
വടക്കേക്കാട് സാമൂഹിക ആരോഗ്യകേന്ദ്രം ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യകേന്ദ്രം അടച്ചു. ഡോക്ടർമാർ, ലാബ്, ഓഫിസ് ജീവനക്കാർ, ആശ,ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടെ 55 പേർ നിരീക്ഷണത്തിലാണ്. എന്നാൽ ജീവനക്കാരൻ രോഗികളുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് നിഗമനം. എൻഎച്ച്എം താൽക്കാലിക ജീവനക്കാരനായ ഇയാൾ അടാട്ട് സ്വദേശിയാണ്.
തുടക്കത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ പരിശോധിക്കുന്ന ഡ്യൂട്ടി ഇയാൾക്ക് ഉണ്ടായിരുന്നതായി പറയുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരനെ പരിശോധിച്ചത്.
ഈ പശ്ചാത്തലത്തിലാണ് വടക്കേക്കാട് കണ്ടെയ്മെന്റ് സോണിലുൾപ്പെട്ടത്.
കണ്ടെയ്മെന്റ് സോണിലുള്ളവർ ശ്രദ്ധിക്കുക…
അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും മൂന്നു പേരിൽകൂടുതൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം വേണം. വ്യാപാര സ്ഥാപനങ്ങളിൽ മൂന്നു പേരിൽ കൂടുതൽ ആളുകൾ ഉണ്ടാവരുത്. അവശ്യ സാധനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. ഇത് രാവിലെ ഏഴു മുതൽ ഏഴ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ഇതര സംസ്ഥാനത്തു നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുന്നതും വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കർശന നടപടികൾക്കും നിയമ പരിപാലനത്തിനായി കളക്ടർ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.