കൊച്ചി: പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കഫേകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഫ്രീ വൈ ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമായതിനാല്‍ പലരും ഇവയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണ്.
ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്.
സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഓണലൈന് വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം 1930 ല്‍ വിവരം അറിയിച്ചാല്‍ പോലീസിന് പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയും.
സ്വന്തം ലേഖിക