ബിക്കാനർ: രാജസ്ഥാനിലെ ബിക്കാനറിൽ വിവാഹഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്തു സഞ്ചരിച്ച ദളിത് യുവാവായ നവവരന് മർദനം. ബുധനാഴ്ച രാത്രി ബിക്കാനറിലെ നപാസാറിലായിരുന്നു സംഭവം. രജപുത് വിഭാഗത്തിൽപ്പെട്ട ആളുകളാണ് യുവാവിനെ മർദിച്ചത്.
മേഘ്വാൽ വിഭാഗത്തിലുള്ള യുവാവിന്റെ വിവാഹത്തിനു കുതിരയെ ഉപയോഗിക്കുന്നതിൽ എതിർപ്പുമായി രജപുത് ആളുകളെത്തി. ദളിതർ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് ഗ്രാമത്തിന്റെ ആചാരത്തിൽപ്പെട്ടതല്ലെന്ന് ഇവർ വാദിച്ചു. ഇതോടെ തർക്കവും സംഘർഷവുമായി.
രജപുത് വിഭാഗക്കാർ വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മർദിച്ചു. ഒരു വാഹനം നശിപ്പിക്കുകയും ചെയ്തു. ഇതോടെ പോലീസ് സ്ഥലത്തെത്തി വിവാഹം മേഘ്വാൽ വിഭാഗത്തിന്റെ ആചാരപ്രകാരം നടത്തി. എന്നാൽ വിവാഹത്തിനു ശേഷം ദളിതർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇതിനിടെ സമാന സംഭവം അരങ്ങേറിയ ഗുജറാത്തിലെ അരവാലിയിൽ പട്ടേൽ വിഭാഗക്കാരായ നൂറ്റമ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 16 സ്ത്രീകളും ഉൾപ്പെടും. അരവാലിയിലെ കബിസർ ഗ്രാമത്തിൽ ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര തടഞ്ഞതിനാണ് കേസ്. വിവാഹ ഘോഷയാത്രയിൽ വരനും വധുവും കുതിരപ്പുറത്ത് സഞ്ചരിച്ചതാണ് പ്രകോപനത്തിനു കാരണമായത്.