പോർക്ക്കൗണ്ടി (ഫ്ളോറിഡ): മദ്യപിച്ചു വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്ന് അറിയാനാവാത്തവർ വിരളമാണ്. എന്നാൽ മദ്യപിച്ചു സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്.
കഴിഞ്ഞ ദിവസം പോർക്ക് കൗണ്ടിയിലെ ലേക്ക് ലാന്റിലാണ് സംഭവം. അന്പത്തിമൂന്നുകാരിയായ ഡോണ റോഡിലൂടെ അപകടകരമായ നിലയിൽ കുതിര സവാരി നടത്തുന്ന വിവരം ആരോ പോലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഡോണയെ പിടികൂടി ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയമാക്കി. രക്തത്തിലെ ആൽക്കഹോളിന്റെ അംശം പരിധിയിൽ അധികമാണെന്നു കണ്ടെത്തിയതോടെയാണ് ഡോണയെ അറസ്റ്റു ചെയ്തതെന്ന് പോർക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
കുതിരയ്ക്കും ഡോണക്കും ഒരുപോലെ അപകടം സംഭവിക്കാവുന്ന രീതിയിൽ സവാരി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആനിമൽ ക്രൂവൽട്ടി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മദ്യപിച്ച് കുതിര പുറത്തു സാവാരി ചെയ്യുന്നവർക്ക് മാത്രമല്ല, വളർത്തു മൃഗങ്ങളോടൊപ്പം മദ്യപിച്ചു സഞ്ചരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ