യജമാനത്തി പാറ്റി വുമറിന്റെ വിവാഹദിനം ക്രിക്കറ്റ് എന്ന അവളുടെ തോഴൻ കുതിരയ്ക്കും ആഘോഷമായിരുന്നു. പക്ഷേ എത്രയൊക്കെ അണിഞ്ഞൊരുങ്ങി നിന്നിട്ടും തന്നെയാരും ശ്രദ്ധിക്കാത്തതായിരുന്നു ക്രിക്കറ്റിന്റെ സങ്കടം. കാണുന്പോഴെല്ലാം ക്രിക്കൂ എന്നു വിളിച്ച് പുറത്തു വലിഞ്ഞുകയറിയിരുന്നവർ പോലും ഇപ്പോൾ കണ്ട ഭാവമില്ല. എല്ലാവരും പാറ്റിയോടു മിണ്ടുന്നു. കാമറക്കണ്ണുകളെല്ലാം പാറ്റിയിലേക്ക് മാത്രം. സത്യത്തിൽ ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചുപോലും ക്രിക്കു ചിന്തിച്ചുപോയി.
എല്ലാരും പാറ്റിക്കു ചുറ്റും കൂടുന്നതെന്താണെന്ന് ആലോചിച്ചാലോചിച്ച് ഒടുവിൽ ക്രിക്കറ്റിന്റെ കുതിരബുദ്ധി മിന്നി. എല്ലാരുടെയും സംസാരം അവരറിയാതെ കാതോർത്തു. ഇപ്പ ടെക്നിക് പിടികിട്ടി. എല്ലാരും പാറ്റിയുടെ ചിരിയെക്കുറിച്ചാണ് പറയുന്നത്. എന്തു ഭംഗിയുളള ചിരി!. ഇത്രേയുള്ളോ കാര്യം. ഇപ്പ ശര്യാക്കിത്തരാം എന്നു മനസ്സിലുറപ്പിച്ച ക്രിക്കു കാമറാമാന്റെ വരവിനായി തക്കം പാർത്തു നിന്നു. ‘സ്മൈൽ പ്ലീസ്’. ക്രിക്കു പിന്നെയൊന്നും നോക്കിയില്ല. ദന്തനിര മൊത്തം പുറത്തുകാട്ടി ഒന്നൊന്നരച്ചിരിയങ്ങു പാസാക്കി. പാറ്റിയടക്കം സകലരും അന്തംവിട്ടു.
ക്രിക്കറ്റിന്റെ കൂട്ടുകാരൻ ഡച്ച് കുതിരയ്ക്കും കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയില്ല. എന്തായാലും പിന്നീടു വന്ന ഫോട്ടോകളിലെല്ലാം ശ്രദ്ധ കിട്ടിയത് ക്രിക്കറ്റിനു തന്നെ. ഈ ചിരിച്ചിത്രം ലോകമാകെ ചിരി പടർത്തി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.