ന്യൂഡല്‍ഹി: ഇപ്പോൾ കുതിരക്കുളന്പടി ശബ്ദം കേൾക്കാറുണ്ടോ? എന്നാരോടെങ്കിലും ചോദിച്ചാൽ, ഇടയ്ക്കു സിനിമയിലും മറ്റും.. എന്നായിരിക്കും മറുപടി. ഇന്നൊരു കുതിരയും കുതിരവണ്ടിയും കണ്ടാൽ ആരുമൊന്നു നോക്കിനിൽക്കും.
എന്നാൽ, നമ്മുടെ വൻ നഗരങ്ങളുടെ താളം തന്നെ ഒരുകാലത്ത് കുതിരക്കുളന്പടി ശബ്ദമായിരുന്നു. മോട്ടോർ വാഹനങ്ങൾക്കു മുന്‍പ് ഡല്‍ഹി നഗരത്തില്‍ കുതിരകളുടെയും കുതിരവലിക്കുന്ന യാത്രാവണ്ടികളുടെയും പ്രതാപകാലമായിരുന്നു.
വന്‍ നഗരത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ചെറിയ നഗര പ്രാന്തങ്ങളെയും ജനവാസ മേഖലകളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതു കുതിരവണ്ടികളും മോട്ടോര്‍ പമ്പിന്റെ എന്ജിന് ഘടിപ്പിച്ച ചെറിയ തട്ടിക്കൂട്ട് വണ്ടികളുമായിരുന്നു.
മെട്രോ ട്രെയിനുകളും അതിവേഗ നഗരപാതകളും വന്നതോടെ കുതിരവണ്ടി വഴിമുടക്കിയും ഗതാഗതകുരുക്ക് ഉണ്ടാക്കുന്ന അപശകുനവുമായി. നഗരമധ്യത്തിലെ വിഐപി പാതകളില്‍ ഏതാനും വര്‍ഷം മുമ്പേ കുതിരവണ്ടി നിരോധിക്കപ്പെട്ടു.
ഡല്‍ഹി പോലീസിനും രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ക്കും ഇന്നും പ്രത്യേകം സംരക്ഷിക്കപ്പെടുന്ന കുതിരകളുണ്ട്. രാജാക്കന്മാരുടെ കാലത്തു കുതിരപ്പട അഭിഭാജ്യ ഘടകമായിരുന്നു.
ഡല്‍ഹിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് 10,000 കുതിരകളും അന്‍പതിലധികം കുതിരവണ്ടിത്താവളങ്ങളും ഉണ്ടായിരുന്നു. ”ഷോലെ” പോലുള്ള വമ്പന്‍ ഹിറ്റ് സിനിമകളില്‍ കുതിരയും കുതിരവണ്ടിയുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്.
കുതിര വില
പഴയ പ്രതാപം ഇല്ലെങ്കിലും കുതിരകൾക്ക് ഇന്നും വിലയിടിഞ്ഞിട്ടില്ല. 50,000 മുതല്‍ 25 ലക്ഷം വരെയാണ് കുതിരകളുടെ വില. ഡൽഹിയിലെ പോളോ ക്ലബുകളും കുതിരപ്പന്തയ ക്ലബുകളും സമ്പന്നരായ കുതിരപ്രേമികളുടെ കേന്ദ്രമാണ്.
പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ പ്രവര്‍ത്തിക്കുന്ന കുതിരപ്പന്തയ ക്ലബുണ്ട്, അങ്ങനെയാണ് റേസ് കോഴ്സ് റോഡ് (ആര്‍സിആര്‍) എന്ന പേരു ലഭിച്ചത്. മോദി പ്രധാനമന്ത്രിയായപ്പോൾ അത് ജന്‍കല്യാണ്‍ മാര്‍ഗ് എന്നു പേരുമാറ്റി.
1940-ല്‍ സ്ഥാപിതമായതാണ് റേസ് കോഴ്സ് ക്ലബ്, 500 കുതിരകളെ സംരക്ഷിക്കാനും 4,000 പേര്‍ക്കു കുതിരപ്പന്തയം കാണാനും ഇവിടെ സൗകര്യമുണ്ട്.
കല്യാണക്കുതിരകൾ
പാതകളിൽ കുതിരകളെ കാണാനില്ലെങ്കിലും ഉത്തരേന്ത്യന്‍ വിവാഹചടങ്ങുകളിൽ കുതിരയില്ലെങ്കിൽ ഒരു കുറവാണ്. രാത്രിയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക.
”ബറാത്ത്” എന്ന പേരിലുള്ള വരന്റെയും കൂട്ടരുടെയും കൊട്ടിപ്പാടി വാദ്യമേളങ്ങളോടെയുള്ള വരവിനു കുതിര വേണം. വരന്റെ എന്‍ട്രി കുതിരപ്പുറത്താണ്, അല്ലെങ്കില്‍ കുതിരവണ്ടിയില്‍. മഹാരാജാവിനെപ്പോലെ തലപ്പാവും ഉടവാളും എല്ലാമായി രാജാപ്പാര്ട്ടിലാണ് വരവ്.
കുതിരവണ്ടികള്‍ നഗരപാതകളില്‍ നിരോധിച്ചതോടെ വിവാഹചടങ്ങുകള്‍ മാത്രമായിരുന്നു കുതിര ഉടമകളുടെ വരുമാനം. കൊറോണക്കാലത്തു കല്യാണങ്ങള്‍ നിയന്ത്രിക്കപ്പെട്ടതോടെ ആ വരുമാനവും നിലച്ചു.
കുതിരയുടെ ചെലവും നോട്ടക്കാരന്റെ കൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുകയും വേണം. 1975ല്‍ സ്ഥാപിതമായ ടോംഗ സ്റ്റാൻഡാണ് ചിത്രത്തില്‍ (കുതിര വണ്ടിത്താവളം).
കിഴക്കന്‍ ഡല്‍ഹിയിലെ ഝീല്‍ കുഖേജിയിലെ ടോംഗ സ്റ്റാൻഡാണിത്. 45-വര്‍ഷം പിന്നിടുമ്പോള്‍ രാജാക്കന്മാരുടെ പാരമ്പര്യ പാതയിലെ ഒരു ചിഹ്നംകൂടി വിസ്മൃതിയിലേക്കു മറയാന്‍ ഒരുങ്ങുകയാണ്.
എഴുത്തും ചിത്രവും -ജോണ്‍ മാത്യു