സന്മനസുള്ളവരുടെ സഹായത്തിനായ്… ഭീതിയില്ലാതെ ഉറങ്ങാന്‍ ഈ അമ്മയ്ക്കും മകള്‍ക്കും ഒരു വീടുവേണം

TVM-HOUSEകോതമംഗലം: അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാല്‍  ഭീതിയോടെ ജിവിതം തളളി നീക്കുകയാണ് രോഗിയും വിധവയുമായ വീട്ടമ്മയും പത്തൊമ്പതു കാരിയായ മകളും. പതിനെട്ട് വര്‍ഷത്തോളമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലാണു കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി കുപ്പശേരിമോളത്ത് ഓമനയും മകളും കഴിയുന്നത്. കാറ്റൊന്ന് ശക്തമായി വീശിയാല്‍ ഈ വീട് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും ജീര്‍ണിച്ച അവസ്ഥയിലാണ്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് അമ്മയുടെയും മകളുടെയും ദുര്‍ഗതിക്കു പിന്നില്‍. മകള്‍ക്ക് ഒരു വയസ് പ്രായം മാത്രമുള്ളപ്പോള്‍ ഭര്‍ത്താവ് ഓമനയെ ഉപേക്ഷിച്ച് പോയതാണ്. ആസ്മയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുള്ളതിനാല്‍ ഭാരപ്പെട്ട ജോലികള്‍ ചെയ്യാന്‍ നാല്‍പ്പത്തെട്ടുകാരിയായ ഈ വീട്ടമ്മക്കു കഴിയുന്നില്ല. തൊഴിലുറപ്പുമായി ബന്ധപ്പെട്ടു വല്ലപ്പോഴും കിട്ടുന്ന  തൊഴില്‍ ദിനങ്ങളാണ് ഇവരുടെ ഏക ആശ്രയം.

വിട്ടുകാര്‍ ഭാഗംവച്ചു നല്‍കിയ ചെറിയ പുരയിടം പണമില്ലാത്തതിനാല്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍പോലും ഓമനയ്ക്ക് കഴിഞ്ഞിട്ടില്ല.സഹോദരങ്ങള്‍ വാങ്ങിക്കൊടുത്ത രണ്ട് ആടുകളാണ് തൊഴിലുറപ്പ് പണിയില്ലാത്തപ്പോള്‍ ഇവുരുടെ  ജീവനോപാധി.പ്രായപൂര്‍ത്തിയായ മകളുമൊത്ത് കഴിയുന്ന ഈ അമ്മയ്ക്ക് വീടിന്റെ സുരക്ഷിതത്ത്വത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ നെഞ്ചില്‍ തീ ആളും.

ഭയമില്ലാതെ തലചായ്ക്കാന്‍  ഒരു വീടാണ് ഓമനയുടെയും മകളുടെയും ഏറ്റവും വലിയ സ്വപ്‌നം. പാരാമെഡിക്കല്‍ കോഴ്‌സിന് പഠിക്കു മകളിലാണ് ഈ അമ്മയുടെ പ്രതീക്ഷ മുഴുവനും. ആ പ്രതീക്ഷയില്‍ ഇരുള്‍ വീഴാതിരിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഈ കുടുംബത്തിനു കൂടിയേ തീരൂ. സന്മനസുള്ളവരുടെ സഹായത്തിന് കാത്തിരിക്കുകയാണ് ഈ അമ്മയും മകളും.

Related posts