പട്ടിക്കാട്: ഇമ്മിട്ടിപറന്പ് കാരിയത്ത് രതീഷിനും കുടുംബത്തിനും അന്തിയുറങ്ങാൻ പുതിയ വീട് നിർമിച്ച് പ്രദേശവാസികൾ. കഴിഞ്ഞ 21-ന് ഉച്ചയ്ക്കാണ് വീട് കത്തിനശിച്ചത്. തലനാരിഴക്കാണ് അന്ന് വൻദുരന്തം ഒഴിവായത്. കത്തിയ വീടിനകത്ത് ഗ്യാസ് സിലിണ്ടർ നാട്ടുകാർ എടുത്തുമാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
സംഭവം നടക്കുന്പോൾ രതീഷും ഭാര്യ ബബിതയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. കത്താൻ ഉണ്ടായ സാഹചര്യം എന്താണെന്ന് അറിവായിട്ടില്ല. ചെന്പൂത്ര ചുമട്ടുതൊഴിലാളിയായ രതീഷിന്റെ കുടുംബ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നതാണ്. അതിനാൽതന്നെ പുതിയ വീടെന്നത് ഒരു സ്വപ്നമായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പിരിവെടുത്ത് ഷീറ്റ് മേഞ്ഞ് പുതിയ പുരയിടം പണിത് നൽകിയത്. ഏകദേശം 60000 രൂപയാണ് ചെലവ് വന്നത്.
വാർഡ് മെന്പർ ജോണിയും സമീപ വാർഡിലെ മെന്പർ കുഞ്ഞപ്പനും ചേർന്നാണ് ധനസഹായപിരിവിന് നേതൃത്വം നൽകിയത്. ഇന്നു രാവിലെ പത്തിന് വീടിന്റെ അങ്കണത്തിൽവച്ചുനടന്ന യോഗത്തിൽവച്ച് പഞ്ചായത്ത് പ്രസിഡന്റ് രതീഷിന് വീടിന്റെ താക്കോൽ നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സുമേഷ്, വാർഡ് മെന്പർമാരായ ജോണി പൊന്തേക്കൻ, കുഞ്ഞപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് പെണ്മക്കളാണ് രതീഷിനുള്ളത്. വീട് കത്തിനശിച്ചതിനാൽ വീടിനകത്തെ വീട്ടുപയോഗസാധനങ്ങളും തുണികളും കുട്ടികളുടെ പഠനോപകരണങ്ങളും കത്തിനശിച്ചിരുന്നു. അതിനാൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്.