കൊച്ചി: ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിൽ താമസിക്കാനൊരു വീട് എന്ന അവകാശവും അന്തർലീനമാണെന്നും വീട് ഇല്ലാത്തവർക്കെല്ലാം വീട് നിർമിക്കാൻ ആവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ചു ജില്ലാ കളക്ടർക്കും സാമൂഹ്യനീതി സെക്രട്ടറിക്കും കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസ് നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം നിർദേശങ്ങൾ സമർപ്പിക്കണം.
എറണാകുളം ജില്ലയിൽ ഭൂമിയുണ്ടായിട്ടും 34,746 പേർക്ക് വീടില്ല. ഭൂമിയും വീടും ഇല്ലാത്തവരുടെ എണ്ണം 15,084 ആണ്. കൊച്ചി നഗരം മെട്രോ നഗരമായി വികസിച്ചപ്പോൾ വീടില്ലാത്തവർ നഗരങ്ങളിൽ ഉപേക്ഷിക്കപ്പെട്ടു. ഫ്ളാറ്റ് സംസ്കാരത്തിന്റെ കടന്നുകയറ്റം കാരണം ഇവർ സ്വന്തം ഭൂമിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. റിയൽ എസ്റ്റേറ്റ് മാഫിയ നഗരത്തിൽ പിടിമുറുക്കിയപ്പോൾ ചെറിയ വാടക നൽകി താമസിച്ചവരും കുടിയൊഴിപ്പിക്കപ്പെട്ടു. വാടക നിയന്ത്രണാതീതമായതോടെ പാവങ്ങൾക്ക് താമസിക്കാൻ വാടകവീടുകൾ പോലും കിട്ടാതായെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ജില്ലയിൽ നടക്കുന്നതെന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.