ആലുവ: അർധരാത്രിയിൽ അജ്ഞാതൻ വീടിനു തീയിട്ടു. ആലുവ കുട്ടമശേരി സൂര്യനഗറിന് സമീപം കൊല്ലംകുടി വീട്ടിൽ നാരായണൻകുട്ടിയുടെ വീടിനാണ് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടത്.
വീടിന്റെ മുൻവശത്തെ വാതിലും മരത്തോട് കൂടിയുള്ള ഭിത്തിയും ഉള്ള ഭാഗത്ത് എന്തോ ഒഴിച്ചിട്ട് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതാണ് ദുരന്തത്തിൽ കലാശിക്കാതിരുന്നത്.
സിടിവി ദൃശ്യത്തിൽ കത്തിക്കുന്ന ആളിന്റെ ദൃശ്യം ഉണ്ടെങ്കിലും രൂപം വ്യക്തമല്ല. വ്യാഴാഴ്ച അർദ്ധരാത്രി 12.30 ഓടുകൂടിയാണ് സംഭവം.
തീ ആളിപ്പടർന്ന് അകത്തേക്കും കത്തിപ്പിടിച്ചു. ഇടക്ക് എഴുന്നേറ്റ വീട്ടുകാർ തന്നെയാണ് തീകത്തുന്നത് കാണുന്നത്. ഉടൻതന്നെ വെള്ളമൊഴിച്ച് തീ കെടത്തുകയായിരുന്നു.
വിവരമറിയിച്ച ഉടൻ ആലുവ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ, ഭാര്യാമാതാപിതാക്കൾ, രണ്ട് മക്കൾ, പരേതനായ ചേട്ടന്റെ മകൻ എന്നിവരാണ് നാരായൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നത്.
തടി ബിസിനസ് നടത്തുന്ന നാരായണൻ ദേഹത്ത് മരം വീണതിനെ തുടർന്ന് കിടപ്പിലാണ്. കോടതിയുടെ ഇടപെടലിൽ മതിൽ കെട്ടാൻ അനുമതി കിട്ടിയതോടെ മുൻപ് ഉണ്ടായിരുന്ന അതിർത്തി തർക്കം തീരുമാനമായിരുന്നു.