ചവറ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. ചവറ മുകുന്ദപുരം കൊട്ടുകാട് തയ്യില്ക്കിഴക്കതില് ഓമനക്കുട്ടന്‍പിള്ളയുടെ വീടാണ് ആക്രമിച്ചത്.
ആക്രമണത്തില്‍ ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യ രത്നമ്മ (67), മകന് ബിനു (43) എന്നിവര്‍ക്കു പരിക്കേറ്റു. ചൊവാഴ്ച രാത്രി 9.30- ഓടെയായിരുന്നു സംഭവം. അയല്‍ വാസിയായ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
എടിഎമ്മില്‍ പോയി വീട്ടിലേക്കു വരികയായിരുന്നു ബിനുവിനെ അജ്മലിന്റെ നേതൃത്വത്തിൽ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ രത്നമ്മയെയും ഉപദ്രവിച്ചു. എടിഎമ്മില്‍നിന്നും എടുത്ത പണം അക്രമികൾ തട്ടി എടുത്തതായും പറയപ്പെടുന്നു.
പരിക്കേറ്റ ബിനുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അജ്മലും സംഘവും വീടിന്റെ ജന്നലുകളും കതകും ഇലട്രിക് മീറ്ററും അടിച്ചു തകര്‍ക്കുകയും കൃഷി, സ്കൂട്ടര്‍, സൈക്കിള്‍ എന്നിവയും നശിപ്പിച്ചു.
സംഭവുവുമായി ബന്ധപ്പെട്ട് കൊട്ടുകാട് സ്വദേശികളായ അജ്മല്‍, (24), ആഷിഖ് (26), അനസ് (27) എന്നിവരെ പോലീസ് പിടികൂടി.സംഘത്തിലുണ്ടായിരുന്ന അനസിനെ പിടികിട്ടാനുണ്ടന്ന് പോലീസ് പറഞ്ഞു.
പരാതിയെത്തുടര്‍ന്ന് പോലീസെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആക്രണമവുമായി ബന്ധപ്പെട്ടവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മൂവരേയും കോടതിയിൽ ഹാജരാക്കി.