ചാരുംമൂട്: ഇടപ്പോണിൽ രാത്രിയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വൃദ്ധദന്പതികളടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാലുപേരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂറനാട് ഇടപ്പോണ്‍ തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65) , മക്കളായ അരുണ്‍കുമാർ (45), അനിൽകുമാർ (35), ചെറുമകൻ അനന്തു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദനമേറ്റത്. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർത്ത നിലയിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് കരുതുന്ന രണ്ടു പേരെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ഒന്‍പതംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർക്കുന്ന ശബ്ദം കേട്ട് ഉണരുന്പോൾ മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ അനിൽകുമാർ പോലീസിന് മൊഴി നൽകി.
സംഭവസമയത്ത് മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നൂറ് വയസുള്ള സുകുമാരപിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവരിൽ അയൽവീട്ടുകാരായ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്നും അനിൽകുമാർ പോലീസിനോട് പറഞ്ഞു.
ബഹളം കേട്ടുണർന്ന് ഭാര്യാവീടിന്റെ മുന്നിൽ നിൽക്കുന്പോഴാണ് തിരികെ വന്ന അക്രമി സംഘം അനീഷിനെ മർദിച്ചത്. ആക്രമണത്തിനിരയായവരും ബന്ധുക്കളായ അയൽവീട്ടുകാരുമായി മാസങ്ങളായി വഴി സംബന്ധമായി തർക്കം നിലനിൽക്കുകയാണെന്നും ഈ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു.
തർക്കം സംബന്ധിച്ച് നൂറനാട് പോലീസിൽ നൽകിയ പരാതികൾ കഴിഞ്ഞ ദിവസം ഒത്തുതീർപാക്കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും അനിൽകുമാർ പറഞ്ഞു.