വെച്ചൂർ: രാത്രി സമയത്തു വീടിനു നേർക്കു കല്ലെറിഞ്ഞു ജനൽ ചില്ലുകൾ തകർത്തു. ഭയചകിതരായ കുടുംബാംഗങ്ങൾ വീടുവിട്ടു പുറത്തിനിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെച്ചൂർ ഇടയാഴംകരിയിൽ നടുമുറിയിൽ റോബിയുടെ വീടിനു നേർക്കാണ് കഴിഞ്ഞ ദിവസം രാത്രി 12.50നു സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ വീടിന്റെമുൻവശത്തെ ജനൽചില്ലുകൾ തകർന്നു. ഭിന്ന ശേഷിക്കാരനായ റോബിയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമണത്തിന്റെ ഭീതിയിൽനിന്നും റോബിയും കുടുംബവും ഇനിയും മോചിതരായിട്ടില്ല.
ഇതിനു മുന്പു വെച്ചുരിലെ പല ഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധർ വീടുകൾക്കു നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയിട്ടുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത വൈക്കം പോലീസ് സമീപത്തെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചു വരികയാണ്. രാത്രി കാലങ്ങളിലെ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ അവിശ്യപ്പെട്ടു.