കീച്ചേരി(കണ്ണൂർ): ബിജെപി നേതാവിന്റെ വീടിനുനേരേ ആക്രമണം. കീച്ചേരി കോലത്ത്വയൽ റോഡിലെ ബിജെപി കല്യാശേരി മണ്ഡലം സെക്രട്ടറി രതീഷിന്റെ വീടിനുനേരേയാണ് ഇന്നു പുലർച്ചെ ഒന്നോടെ ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്റെ മുൻ വശത്തെ ജനൽഗ്ലാസുകൾ തകർന്നു.
ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്ന രതീശന്റെ അച്ഛൻ തലനാരിഴക്കാണ് കല്ലേറിൽനിന്നും രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തുവരുന്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു.
വിവരമറിഞ്ഞ് കണ്ണപുരം എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കല്യാശേരി 13ാം വാർഡിൽ ബിജെപിയുടെ സ്ഥാനാർഥിയായി രതീഷ് മത്സരിച്ചിരുന്നു. അന്നു മുതൽ ഭീഷണിയുള്ളതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞ് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, മേഖലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് വിജയൻ മാങ്ങാട് എന്നിവർ രതീഷിന്റെ വീട് സന്ദർശിച്ചു.