ആലപ്പുഴ: സംസ്ഥാന ടൂറിസത്തിന്റെ മുഖമുദ്രയായി മാറിയ ഹൗസ് ബോട്ടുകള്‍ കേരളത്തിന്റെ ജലാശയങ്ങളിലെത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1991 നവംബര്‍ 15നാണ് ആലപ്പുഴയില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്കായി ഹൗസ്‌ബോട്ടുകള്‍ കായലിലിറങ്ങിയത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഹൗസ്‌ബോട്ട് ടൂറിസം സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഹൗസ്‌ബോട്ട് ഉടമകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഹൗസ്‌ബോട്ട് മേഖലയില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന നാലു സംഘടനകളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഹൗസ്‌ബോട്ട് ടൂറിസം സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നതിനു പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. ഇന്നു വൈകുന്നേരം അഞ്ചിനു ആലപ്പുഴ ലേക് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കായല്‍ ശൂചീകരണം, സെമിനാറുകള്‍, സംവാദങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, കലാസാംസ്കാരിക പരിപാടികള്‍, റോഡ്‌ഷോ, ഹൗസ്‌ബോട്ട് ടൂറിസം മേഖലയിലെ ആദ്യകാല വ്യക്തികളെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമാപന സമ്മേളനം മുഖ്യമന്ത്രിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
ടൂറിസം മേഖലയിലെ ഹൗസ്‌ബോട്ടുകളുടെ ഖ്യാതി ലോകമാകെ എത്തിക്കുകയും അതോടൊപ്പം മാര്‍ക്കറ്റിംഗ് സംവിധാനം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംഘാടകസമിതി ചെയര്‍മാന്‍ ടി.ജി. രഘു, ജനറല്‍ കണ്‍വീനര്‍ ജോസുകുട്ടി ജോസഫ്, കെവിന്‍ റൊസാരിയോ, സന്തോഷ് ട്രാവന്‍കൂര്‍, അനസ്, സനോജ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.