ജയ്സണ് ജോയ്
ആലപ്പുഴ: നിപ്പയും പിന്നാലെയുണ്ടായ പ്രളയത്തിലും തകർന്നടിഞ്ഞ ഹൗസ്ബോട്ട് മേഖല ഉയിർത്തെഴുന്നേൽക്കാൻ ഒരുങ്ങുന്നു. പ്രളയത്തിൽ മാത്രം ഹൗസ്ബോട്ട് മേഖലയ്ക്കു 15 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഓണത്തോടനുബന്ധിച്ച് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ടൂറുകളും ടൂർ പാക്കേജുകളും എല്ലാം റദ്ദാക്കിയിരുന്നു.
വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ വരവും നിലച്ചിരുന്നു. അതോടൊപ്പം ഹൗസ്ബോട്ടുകൾ പലതും ദുരിതാശ്വാസ ക്യാന്പുകളായി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇന്നുമായി ഹൗസ് ബോട്ടുകളിലെ ക്യാന്പുകൾ എല്ലാം പിരിച്ചുവിട്ടു. ടൂറിസം രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളും ആസൂത്രണം ചെയ്യുന്നത്.
സെപ്റ്റംബർ ഒന്നു മുതൽ ഹൗസ്ബോട്ടുകൾ സർവീസ് ആരംഭിക്കും. ഇതിനു മുന്നോടിയായി ഹൗസ്ബോട്ടുകൾ വൃത്തിയാക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി കലാരൂപങ്ങൾ അടക്കമുള്ളവ അണിനിരത്തിയുള്ള ആഘോഷപരിപാടികൾ ഹൗസ്ബോട്ടുകളിൽ നടത്തും.
പ്രളയത്തിനു ശേഷം പകർച്ചവ്യാധികൾ വ്യാപിക്കുമെന്നു ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭീതി ഒഴിവാക്കുന്നതിനായി ബോധവത്കരണവും നടത്തും. ഇതിന്റെ ഭാഗമായി ട്രാവൽ ഏജൻസികളുടെയും ഏജന്റുമാരെയും കേരളത്തിലേക്കു ക്ഷണിക്കും. സർക്കാരിന്റെ സഹായവും ഇതിനു ഉറപ്പാക്കുമെന്നു ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സമിതി സെക്രട്ടറി കെവിൻ പറഞ്ഞു.